Saturday, June 24, 2017

ആർക്കും ഉത്തരം നല്കാത്തതല്ല ഭയന്നിട്ടാണ്. ഇനി എന്ത് എന്നു ചിന്തിച്ചിട്ടു മാത്രം

Friday, May 26, 2017

അയാൾ

അയാളുടെ അടുത്തുകൂടെ പോകുമ്പോൾ എപ്പോളും ബീഡിയുടെ മണം  ആയിരുന്നു ..,
എപ്പോളും സ്ഥിരപരിചിത മുഖം .,മരണങ്ങൾക്ക് ,കുടുംബത്തിലെ വിവാഹങ്ങൾക്ക് ,എന്തൊക്കെ അടിയന്തിരങ്ങളുണ്ടോ അവിടെയൊക്കെ സ്ഥിരപരിചിതനായ അയാൾ.ഒരു കാവി മുണ്ടും നീളൻ വരയൻ ഷർട്ടും ചുണ്ടില് എരിയുന്ന ബീഡിക്കുറ്റിയും .പറഞ്ഞു  വന്നാൽ  അയാളെനിക് അനന്തിരവൻ ആയി വരും ..പ്രായം അച്ഛന്റേതെന്നു മാത്രം.

അയാളെ  ഉള്ളു കൊണ്ട്  ഒരുപാട് ഇഷ്ടമായിരുന്നു ,ഒരു കരുതൽ..,
അച്ഛന്റ്റെ മരണത്തിനു ആരോടെക്കൊയോ ദേഷ്യം ആട്ടി കള്ളുകുടിച്ചു വഴക്കുകൂടിയതു ഓർമയിൽ ഉണ്ട് ..,
ഒടുവിൽ ഭഷ്ണിക്കഞ്ഞിക്കുമുന്നിലിരുന്നു ഒരിറ്റു കണ്ണീരുതിർത്തത്  മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.

അയാളെന്തിനായിരുന്നു അച്ഛന്റെ മരണത്തിൽ ക്ഷോഭിച്ചത് ?

കരഞ്ഞത് ?

പിന്നെ ഓരോരോ മരണങ്ങൾ ..,

ഓരോരോ അടിയന്തിരങ്ങൾ..,

അയാളുടെ ഭാര്യയുടെ മരണം ..
മകളുടെ വിവാഹം ..

ഓരോ  അടിയന്തിരങ്ങൾക്കും കള്ളുകുടിച്ചു ബഹളം കൂട്ടപ്പെട്ടുകൊണ്ടേയിരുന്നിരുന്നു.

കുടുംബത്തിൽ ഓരോ വീടുകളിലും അയാളുടെ കള്ളുകുടി ഒരു പറച്ചിലിനുള്ള വകയായിരുന്നു.
എങ്കിലും ഒരുതരം വാത്സല്യം നിറഞ്ഞ സ്നേഹം ആയിരുന്നു അച്ഛന്റെ പ്രായമുള്ള ആ മനുഷ്യനോട് .
ഇടയ്ക്ക്     ഒറ്റയ്ക്ക് കാണുമ്പോൾ പറഞ്ഞിട്ടുണ്ട് എന്തിനാ ഇങ്ങിനെ കുടിക്കുന്നെ  കുടിക്കാതിരുന്നുകൂടെ എന്ന് ..

എന്തോ 

ഉരിയാടാറില്ല .

അയാൾക്ക് ആരോടും പരിഭവമില്ലായിരുന്നു ..
ആരോടും 
മകളെ മോനെ എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട് ,പക്ഷെ അയാളുടെ മകൾക്ക് അയാളോട് സ്നേഹം ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല ..

ഒരു സാധു 

ഒരിക്കൽ വല്യച്ഛന്റെ മരണത്തിന് .., ഏതാണ്ട് ഒരു വര്ഷം മുൻപ് ഇതേസമയം  അമ്മമ്മ വഴക്ക് പറഞ്ഞതിന് ,അടിച്ചതിനു ഒരു കൊച്ചു കുട്ടിയെപ്പോലെ  വിതുമ്പിക്കരഞ്ഞത് ഞാൻ ഓർക്കുന്നുണ്ട് ..

അതെ അയാളൊരു സാധു ആയിരുന്നു ..

വെറും ഒരു സാധു ..


അതുകൊണ്ടാകാം അതുകൊണ്ട് തന്നെയാകാം ഇങ്ങനെ ഒരു മരണം.

എപ്പോളും നെഞ്ചിൽ ഒരു തേങ്ങൽ ബാക്കിയാക്കി അയാൾ യാത്ര ആയത്  ..

കുളിച്ചൊരുങ്ങിയിരുന്നത്രെ അന്ന്, കുടിച്ചിരുന്നില്ല എന്ന് ...
എന്നിട്ടും ട്രെയിൻ കയറി ഇറങ്ങി നുറുങ്ങിയ ശരീരം  കീറിലയിൽ മുനിഞ്ഞു കത്തുന്ന വിളക്കിനു മുന്നിൽ വച്ചിരുന്നപ്പോൾ ഒരു പതിയെരിഞ്ഞ ബീഡിയുടെ മണം  ഉണ്ടായിരുന്നു അവിടെയൊക്കെ ...

അമ്മയുടെ ഫോൺകോളിൽ  തരിച്ചിരുന്നത് ഒന്നോ രണ്ടോ മിനിറ്റ്  ആയിരുന്നില്ല ...

പിന്നെ എന്തിനു കരഞ്ഞു എന്ന് ചോദിച്ചാലും എനിക്കറിയില്ല 

കാരണം  അയാളെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു 
ഒരുപക്ഷെ അച്ഛനെപ്പോലെ 


എന്തോ ഇനിയൊരിക്കലും അയാളില്ല  എന്ന് ഉറപ്പിക്കാൻ മനസ്സ് തയ്യാറല്ല അയാൾ ജീവിക്കട്ടെ..
ഓരോ അടിയന്തിരങ്ങളിലും  ബീഡിമണക്കുന്ന ഓർമയായ് ..


മിന്നാമിന്നി

മരിച്ചു പോയവ൪ മിന്നാമിന്നിയായ് കൂടെ വരുമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്..
ആവാം....
മിന്നാമിന്നികളൊരുപക്ഷേ ആത്മാക്കളാകാം.....
എകാന്തതയിലെനിക്കു കൂട്ടായ് ഇതാ കുഞ്ഞു മിന്നാമിനുങ്ങുകള്ൽ....
ഇവയ്ക്കൊരുപാട് കഥകള്ൽ പറയാനുണ്ട്..
ചിണുങ്ങിക്കരഞ്ഞ ബാല്യത്തിന്റ്റെ....
അമ്പിളിമാമനെക്കാണാനച്ഛനോടൊപ്പം എനിക്കു കൂട്ടിന്നു വന്ന എന്റ്റെ ചങ്ങാതി......
കൈയിൽ വന്നിരുന്നിങ്ങനെ മിന്നി മിന്നിത്തിളങ്ങുമ്പോളാദ്യം കരയുമായിരുന്നു പേടിച്ച്...
പിന്നെയതത്ഭുതമായ്....
പിന്നെ ഇഷ്ടമായ്....
ഇന്നിപ്പോളിതാ എനിക്കു നഷ്ടമായ ഓ൪മ്മകളായ്...
ആത്മാവായ്......
ഈ കുഞഞുമിന്നാമിന്നികള്ൽ....
ശരിയാണ്.... ഒരുപാട് പ്രിയമായിരുന്ന ഒരാള്ൽ ഇടറുന്ന സ്വരത്തിൽ പറഞ്ഞതോ൪മ്മിക്കുന്നു...
മിന്നാമിന്നികൽ ആത്മാക്കളാണ്.... .
നിനക്കു മുന്നിൽ മകളെ സംരക്ഷിക്കാനാവശ്യപ്പെട്ട ഒരു സ്വാത്വികന്റ്റെ ആത്മാവ്.....
ഉവ്വ്...
അതിന്നും എന്നോടൊപ്പം...
എനിക്കു കൂട്ടായ്.....

Wednesday, May 3, 2017

ആരോഹണം

ആരോഹണം നൂലിഴകൾ പോലെ അരിച്ചിറങ്ങുന്ന വെള്ളത്തുള്ളികൾ ഓരോ അണുവിനെയു ത്രസിപോയ്ക്കും പോലെ.., കുറെയധികം സമയം ബാത്‌റൂമിൽ അങ്ങനെ പിറന്ന പടി നിന്നു അപ്പോളും കണ്ണുകൾ പുറത്ത് ഗേറ്റിലേക്ക് തിരിഞ്ഞു.. ആരെയോ തിരയും പോലെ.. പോലെ അല്ല അതാണ് ശരി. തിരയുകയാണ്.,
ഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രൈനിറങ്ങി ചേട്ടനും ചേട്ടന്റെ കൂട്ടകരനുമൊപ്പം പുറത്തു കാത്തു നിന്ന നേരം പോലും നെഞ്ചിലുണ്ടാകാത്ത ഒരു തര പിട്പ്..
മുകളിൽ ലൈറ്റിന് പിന്നിൽ നിന്ന് ഒരു പല്ലി ഒളിഞ്ഞു നോക്കുന്നുണ്ട് .. അതെ നാണം തോന്നുന്നു.., റാം , അവനുമുന്നിൽ മാത്രം അഴിച്ചുണർത്തപ്പെട്ടത്...
കുറെ ഏറെ നേരം വീണ്ടും മഴനൂലുകളിൽ കഥപറയാൻ നോക്കി നിന്നു.. റാമിന്റെ കാർ ദൂരെ പള്ളിയുടെ മുന്നിലെത്തിയത് കണ്ട നിമിഷം ഒരു കൊള്ളിയാൻ അടിവയറ്റിലൂടെ പാഞ്ഞു... പെട്ടന്ന് ടവൽ ചുറ്റി മുറിയിലേക്ക് ഓടി.. എടുത്തുവച്ചിരുന്നു ചുമന്ന തുണിയിൽ കറുപ്പും പച്ചയും പിഴകൾ തീർത്ത ഒരു സാരി ഒപ്പം പച്ചകസവ് കരയുള്ള ബ്ലൗസ് ...
ഇന്ന് പിറന്നാളാണ് എന്റെ.. , ഇതുവരെ ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത ഇനിയും. ആഘോഷിക്കപ്പെടാനിടയില്ലാത്ത ഒരുപക്ഷെ ഇന്നുകൊണ്ടാവസാനിച്ചേക്കാവുന്ന ഒരു തെറ്റിയ കണക്കു പുസ്തകം...
മുഖം അമർത്തി തുടച്ചു , മൊയ്സ്ചറൈസർ മുഖത്തു പെട്ടന്ന് തടവി ഉണക്കി കൈകൾക്ക് ഒരു വല്ലാത്ത വേഗത കൈവന്നതുപോലെ.. ഒരു വളവ് തിരിഞ്ഞാൽ അവനിങ്ങെത്തും ഏതാനും മിനിറ്റുകൾ ബാക്കി..., വയറ്റിൽ ഒരുകുഞ്ഞു രാം പിടച്ചു തുള്ളുന്നുണ്ട്
അവിടെ പള്ളിക്ക് താഴെ ഒരിറക്കമാണ് ആ കുന്നുകയറി ഒന്ന് തിരിച്ചെടുത്താൽ വീടിന്റെ ഗേറ്റ് ...
കണ്ണിനു താഴെ കറുപ്പ് വീണിട്ടുണ്ട്.., റാം നിനക്ക് വേണ്ടി ഓരോ നിമിഷവും കണ്ണുകൾ കഥപറഞ്ഞതാണ് നിന്നെ വരവേൽക്കാൻ നിന്റെ ശൂന്യതയെ പരിഹരിക്കാൻ എന്നെ സ്വാന്ത്വനിപ്പിച്ചതാണ് എന്റെ കണ്ണുകൾ..
കണ്ണെഴുതി ഒരുപാട് കാലത്തിനിപ്പുറം .ഒരു ഭസ്മക്കുറി ...,സാരി വേഗം വാരി ചുറ്റി ... നനഞ്ഞ മുടിയിഴ കോതി ഒതുക്കി വെള്ളത്തുള്ളികൾ ഇറ്റുവീഴുന്നു.. പുറത്തു കാറിന്റെ ശബ്ദം , നെഞ്ചിൽ ഒരായിരം വെള്ളിടികൾ ഒന്നിച്ചു മുഴങ്ങുന്നു.. ഓടി കിതച്ചു വാതിൽ തുറന്നു..., അവൻ ആ റോസാച്ചെടിയിലേക്ക് നോക്കി നിൽക്കുന്നു.. ഓരോ തവണ കാണുമ്പോളും ഒരേ തീവ്രത എന്നിൽ നിറയ്ക്കുന്ന എന്റെ പ്രിയപ്പെട്ടവൻ....
വണ്ണം ഒരല്പം കൂടിയിട്ടുണ്ട്... പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു ആ തോളിൽ ചാരുമ്പോൾ ആരെങ്കിലും കാണുന്നുണ്ടോ എന്നുപോലും ശ്രദ്ധിച്ചില്ല എന്നതാണ് സത്യം....
അകത്തേക്ക് കയാറുമ്പോൾ അവൻ കൈകൾ അടർത്തിമാറ്റി മുഖത്തേയ്ക്ക് പോലും നോക്കാതെ പുതുതായി പബ്ലിഷ് ചെയ്ത സ്വപ്ന സാക്ഷാൽക്കാരത്തെ വെറുതെ മറിച്ചു നോക്കി...
ഒരു പുച്ഛം... നീ പിന്നേം മീൻ കറി വച്ചല്ലേ വായിക്കുന്ന കുറെ മണ്ടന്മാർ... കണ്ണിൽ നിറഞ്ഞത് പ്രണയമോ ശൃംഗാരമോ കാമമോ നിസ്സഹായതയോ എന്നറിയില്ല..., ഉള്ളിൽ ഒരു കുഞ്ഞു റാം തുടിക്കുന്നു എന്ന് പറയാൻ ഉള്ളം കൊതിച്ചു.ഒന്നു ചിരിച്ചു അകത്തേക്ക് പോയി സ്നേഹം നിറച്ച ജ്യൂസ് എടുത്തു കൊടുക്കുമ്പോൾ ഉള്ളൊന്നു പിടച്ചു.. വയ്യാത്തതാണ്...
ഈ 6 മാസത്തിനിപ്പുറം ആദ്യമായ് ഒപ്പം കിട്ടിയതാണ്.., വന്ന വിവാഹങ്ങൾ പലതും മുടക്കിയതും ഒക്കെയും റാമിന് വേണ്ടിയാണ്...
കാണില്ല ഒരിക്കലും, കാരണം വിരല്തുമ്പിൽ അ്ക്ഷരങ്ങളും ചവിട്ടിയരച്ചാലും സ്നേഹം വിളമ്പാനുള്ള ഒരു മനസ്സും ആരാലും വീഴ്ത്താൻ കഴിയാത്ത ആർക്കുമുന്നിലും കീഴടങ്ങാത അവനു മുന്നിൽ മാത്രം സമർപ്പിക്കപ്പെട്ട ഒരു ശരീരവും അല്ലാതെ ചേർത്ത് നിർത്താൻ കൂടപ്പിറപ്പുകളോ കുടുംബമോ ഇല്ല...
മാനസിൽ തികട്ടി വന്ന ദുഃഖം കണ്ണ്പൊട്ടിയൊഴുകി, തുടച്ചു കുറച്ചു വെള്ളത്തിൽ മുഖം കഴുകി ചുണ്ടിൽ പുഞ്ചിരി വിടർത്തി ജ്യൂസ് കൊണ്ട് മുന്നിൽ വച്ചു...
കുടിച്ചുകൊണ്ടു മുഖത്തു നോക്കാതെ അവൻ ഒരു കല്യാണകുറി എടുത്തു കയ്യിൽ നീട്ടി . കല്യാണം ആണ്.. നീ വരരുത് . ഇനി വിളിക്കരുത്, കാണില്ല നമ്മളിനി..., നിന്റെ ജീവിതം മറിമാറിയുന്നൊരു ദിവസം വരും കുട്ടി... നിനക്ക് മുന്നിൽ ലോകം മാറിമാറിയും....
പുഞ്ചിരിച്ചുകൊണ്ട് അവൻ എണീറ്റ് പുറത്തെക്കിറങ്ങുമ്പോൾ ഇടനെഞ്ചു പിടച്ചിട്ടും പുഞ്ചിരിച്ചു... , അനുഗ്രഹിച്ചു ... എന്നിലും അധികമായി അവൾക്ക് സ്നേഹിക്കാനാവട്ടേ എന്ന്...
കയ്യിലിരുന്നു വിറച്ചു ആ പിറന്നാൾ സമ്മാനം....
വെറുതെ തുറന്നു വധു: ഡോ: ഇന്ദ്രജാ അനിരുദ്ധൻ....
അതെ പേരിനു പിന്നിൽ ചേർക്കാൻ മറ്റൊന്നുമില്ല , നെഞ്ചുനിറയെ സ്നേഹിക്കുന്ന മനസ്സ് അതിൽ എഴുതിയെടുത്ത ബിരുദത്തിന് ഞാൻ വില്‌കൂട്ടിയിടാൻ മറന്നു....
എങ്കിലും കാണാതെ പോകില്ല എന്നൊരു വിശ്വാസം.. അനാഥപെണ്ണിന്റെ കണ്ണുനീർ കാണാതിരിക്കാൻ ദൈവത്തിനാകില്ല എന്ന വിശ്വാസം...
തെറ്റിയത് ദൈവതിനല്ല ആരോഹി എന്ന സ്വപ്നാടകയ്ക്കാണ്...
രാം... നിനക്ക് വേണ്ടി മാത്രം പുനർജ്ജനിച്ചവൾ അവൾ .. ആരോഹി...നിന്റെ പാപക്കറകൾ സ്വയം പേറി നിന്നെ മനസ്സാ വരിച്ചു സ്വയം വെന്തു നീറി നിന്റെ വിയർപ്പിന്റെ നനവിൽ മാത്രം പ്രണയം പെയ്യിച്ചവൾ...
കുന്നിറങ്ങി പള്ളിക്കു മുന്നിലൂടെ അവന്റെ കാർ അപ്രത്യക്ഷമാകുന്നത് കാണും മുന്നേ അവളുടെ കണ്ണുകൾ പിറകോട്ട് മറഞ്ഞിരുന്നു.., സാരിയുടെ പച്ചക്കസവ് നനഞ്ഞിരുന്നു ചോരചുവപ്പിൽ.... ഇടതെന്നിയ സാരിതലപ്പിനിടയിൽ വെളുത്ത വയറിൽ ഒരു കുഞ്ഞു ചുമന്ന കാൽപ്പാട് പിടഞ്ഞു ....
സൂര്യ

Wednesday, April 12, 2017

സ്ഥിരമല്ലാത്ത ചില പൂര്ണതകളിൽ കള്ളച്ചിരിയോടെ ഒളിഞ്ഞും പാത്തും കണ്ണ് പൊതിക്കളിക്കാൻ ഇഷ്ടമാണ്...അത് ഓർമകളെ പറത്തി കണ്ണീരിനെ ചേക്കേറാൻ അനുവാദിക്കുമെങ്കിൽ...,
സ്ഥിരം ക്ളീഷേ ഡയലോഗ്... , എഴുതിപ്പകുതിയാക്കിയ പേപ്പർ വലിച്ചു ചുരുട്ടിയെറിയുമ്പോൾ കണ്ണിൽ ആരോടൊക്കെയോ വെറുപ്പ്..,
എണീറ്റ് കണ്ണാടിയിൽ മുഖംന്നോക്കി, ഒത്തുക്കമില്ലാതെ മുടിയിഴകൾ വല്ലാതെ ഉപദ്രവകാരികൾ ആകുന്നുണ്ട്..,കണ്ണിന്റെ വലിപ്പം പിന്നേം കുറിഞ്ഞിട്ടുണ്ട്,
ഒരു സിഗരറ്റ് വലിക്കാൻ തോന്നുന്നു...
എവിടെ കിട്ടാൻ,,
മുടിയിഴകൾ ഒന്നിച്ചു കൂട്ടിപ്പിടിച്ചു മുകളിലേക്ക് കൈകൾ ഉയർത്തി മുനിമാരെപ്പോലെ, മുടിക്കൂട്ടി വച്ച് കണ്ണാടിക്കുമുന്നിൽ ഒന്നുകൂടി ഞെളിഞ്ഞു നിന്നു,,,
ഹോ ... ഇതെന്തൊരു വല്ലാത്ത നിൽപ്പ്... ,
മാദകത്വമോ...
അല്ല ഇതതല്ല...
തിരിഞ്ഞു കണ്ണിന്റെ തുടിപ്പിനെ ഒന്നുകൂടി നോക്കി , കണ്ണുകൾ ഇറുക്കിയടച്ചു ആകാശത്തേക്ക് നോക്കി....മലർന്നു കിടക്കാൻ കഴിഞ്ഞെങ്കിൽ...
അടുത്ത് അക്ഷരങ്ങളെ തികട്ടിവരും നിമിഷം ഒക്കെ പെറുക്കി എടുത്തു കൂട്ടി വക്കാൻ ഒരാളുണ്ടായെങ്കിൽ...,
തികച്ചും മാസ്മരിക ലോകത്തു ഒരുപാട് പറന്നു പറന്ന്...
ഓരോ തിരാമലകളെപ്പോലെ പതഞ്ഞു തള്ളി വന്നു ഒടുവിൽ ഒന്നുമില്ലാതെ ചില അക്ഷരങ്ങൾ..., വടിവും മികവും ഒത്ത ലക്ഷണമൊത്ത ചിലതൊക്കെ....
അതിനൊന്നും ഒരു അടുക്കും ചിട്ടയുമില്ല,
ആരോഹി എന്ന പേരുപോലെ...
ഡയറി അടച്ചു പതിയെ പുറത്തേക്ക് വരാന്തയിലേക്ക്..., പിന്നിൽ സ്കൂൾ ഗ്രൗണ്ടിനപ്പുറം കടവാവലുകൾ ചേക്കേറുന്ന കാട്ടുമരം ഭയം നിറച്ചു ആർത്തു പറക്കുന്ന വാവലുകൾ, ഭയത്തിന്റെ നാമ്പുപോലും വിടർത്തുന്നില്ല എന്നത് തിരിച്ചറിയാൻ ശ്രമിച്ചിട്ടും നടന്നിട്ടില്ലാത്ത ഒരു സത്യമാണ് അത് .

ഒന്നല്ല ഒരു ആയിരം കടവാവലുകൾ ..,വൈകുന്നേരങ്ങളിൽ ഒറ്റയ്ക്കു ജനലരികിൽ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ കണ്ടിട്ടുണ്ട് ഒരുപാട് തവണകളിൽ ..,

ആ രാത്രികളിൽ ഒക്കെയും ഭയന്ന് ഉണർന്നിട്ടുണ്ട് ..

വെറുതെ ഒന്ന് ചിരിച്ചു ..

ടെറസ്സിൽ നിന്ന് നോക്കിയാൽ ഇൻഫോപാർക്കിൻറെ  കാർ  പാർക്കിംഗ് ഏരിയ .വെള്ളക്കുമ്മായം തേച്ച മതിലിനിപ്പുറം ബൊഗൈൻ വില്ലകൾ  അതിര് തീർക്കും സ്കൂൾ ഗ്രൗണ്ട് ..

വെറുതെ പുറത്തേക്ക് നോക്കി നില്ക്കാൻ സുഖമുണ്ട് ..,
പക്ഷെ കാഴ്ചകൾ എന്നും വ്യത്യസ്തമാണ് ..,ഓരോ നാടിനും ..
തൃശ്ശിവപേരൂർ.....

പൂരത്തിന്റെ ആവേശം നെഞ്ചിൽ നിറച്ച നാട് ...
നെറ്റിയിൽ ഭസ്മക്കുറിയിട്ട  നല്ല ചുള്ളൻ ചെക്കന്മാർ ...
എന്തൂട്ടാ ഗഡിയെ ...?

വെറുതെ ഒരു പുഞ്ചിരി ..

സെയില്സിൽ  ജോയിൻ ചെയ്തു ഒരു മാസത്തിനുള്ളിൽ നിർത്തി പോയ രഞ്ജിത് എന്ന ചുള്ളൻ പയ്യനെ ഓർമ്മിച്ചു ...
തനി തൃശ്ശൂർ ക്കാരൻ...

റാമിനോട് ഇതേക്കുറിച്ചു പറഞ്ഞാർത്തു ചിരിച്ചത് ഓർമയുണ്ട് .. 

ഓരോരോ ഓർമകളിൽ ഒരുപാടാരോക്കെയോ 

ഉത്സവം 

അച്ഛന്റെ ചിതയിൽ സ്വർഗം തേടിയ എന്റെ അമ്മഭഗവതിക്ക് ഉത്സവം ..

തിരഞ്ഞുപോയാൽ ഓർമകളേറെ ...

ആരോഹി ... ഈ ഉയർത്തെഴുന്നേൽപ്പിൽ 
പകയുണ്ട് ..

ലോകത്തോട് 

ആത്മാവാണ് 
പകയുണ്ടാകും ...

ചിരിച്ചുകൊണ്ട് സ്വയം കൈകൾ കൂട്ടി മുറുകി പിടിച്ചു അവൾ ... 

സ്വയം വീണുപോകാതിരിക്കാൻ ആവണം ..

ഹേയ് 

അല്ല 
അങ്ങനൊന്നും വീഴില്ല ഇനി .. 

പദം  വന്നിരിക്കുന്നു 
കണ്ടും ,കെട്ടും ,അനുഭവിച്ചും 

റാമിന്റെ മുഖം ഫോൺ സ്‌ക്രീനിൽ മിന്നിമറഞ്ഞു ..
അടിവയറ്റിൽ നിന്നൊരായിരം തീനാളങ്ങൾ ഒന്നിച്ചു മേൽപ്പോട്ടേക്കു വന്നതുപോലെ,
അന്ന് മൂക്കിൽ ഇട്ട ട്യൂബ് വലിച്ചൂരിയപ്പോൾ തോന്നിയ ആത്മാവ് പറിച്ചെടുക്കുന്ന നൊമ്പരം...

ഈ നോവ് ഇത് മാത്രമാണ് എന്നിൽ ജീവൻ നിലനിർത്തുന്നത്.. നോവുമെങ്കിലും ആരോഹിയുടെ മരണം  ആഘോഷിക്കപ്പെടാതിരിക്കാൻ ഒരു പ്രതീക്ഷ...

ഒരു കടവാവൽ  ഭീകരമാം  വിധം നിലവിളിച്ചുകൊണ്ട് കാണാമറയത്തേക്ക് ഊളിയിടുന്നുണ്ട് .....

പടിഞ്ഞാറ് കൊരട്ടി മുത്തിയുടെ പള്ളിയിൽ മണിശബ്ദം ഒരു ആശ്വാസം പോലെ ഒരു കരുതൽ പോലെ..,ചേർത്ത് നിർത്തും പോലെ ....