Wednesday, April 12, 2017





സ്ഥിരമല്ലാത്ത ചില പൂര്ണതകളിൽ കള്ളച്ചിരിയോടെ ഒളിഞ്ഞും പാത്തും കണ്ണ് പൊതിക്കളിക്കാൻ ഇഷ്ടമാണ്...അത് ഓർമകളെ പറത്തി കണ്ണീരിനെ ചേക്കേറാൻ അനുവാദിക്കുമെങ്കിൽ...,
സ്ഥിരം ക്ളീഷേ ഡയലോഗ്... , എഴുതിപ്പകുതിയാക്കിയ പേപ്പർ വലിച്ചു ചുരുട്ടിയെറിയുമ്പോൾ കണ്ണിൽ ആരോടൊക്കെയോ വെറുപ്പ്..,
എണീറ്റ് കണ്ണാടിയിൽ മുഖംന്നോക്കി, ഒത്തുക്കമില്ലാതെ മുടിയിഴകൾ വല്ലാതെ ഉപദ്രവകാരികൾ ആകുന്നുണ്ട്..,കണ്ണിന്റെ വലിപ്പം പിന്നേം കുറിഞ്ഞിട്ടുണ്ട്,
ഒരു സിഗരറ്റ് വലിക്കാൻ തോന്നുന്നു...
എവിടെ കിട്ടാൻ,,
മുടിയിഴകൾ ഒന്നിച്ചു കൂട്ടിപ്പിടിച്ചു മുകളിലേക്ക് കൈകൾ ഉയർത്തി മുനിമാരെപ്പോലെ, മുടിക്കൂട്ടി വച്ച് കണ്ണാടിക്കുമുന്നിൽ ഒന്നുകൂടി ഞെളിഞ്ഞു നിന്നു,,,
ഹോ ... ഇതെന്തൊരു വല്ലാത്ത നിൽപ്പ്... ,
മാദകത്വമോ...
അല്ല ഇതതല്ല...
തിരിഞ്ഞു കണ്ണിന്റെ തുടിപ്പിനെ ഒന്നുകൂടി നോക്കി , കണ്ണുകൾ ഇറുക്കിയടച്ചു ആകാശത്തേക്ക് നോക്കി....മലർന്നു കിടക്കാൻ കഴിഞ്ഞെങ്കിൽ...
അടുത്ത് അക്ഷരങ്ങളെ തികട്ടിവരും നിമിഷം ഒക്കെ പെറുക്കി എടുത്തു കൂട്ടി വക്കാൻ ഒരാളുണ്ടായെങ്കിൽ...,
തികച്ചും മാസ്മരിക ലോകത്തു ഒരുപാട് പറന്നു പറന്ന്...
ഓരോ തിരാമലകളെപ്പോലെ പതഞ്ഞു തള്ളി വന്നു ഒടുവിൽ ഒന്നുമില്ലാതെ ചില അക്ഷരങ്ങൾ..., വടിവും മികവും ഒത്ത ലക്ഷണമൊത്ത ചിലതൊക്കെ....
അതിനൊന്നും ഒരു അടുക്കും ചിട്ടയുമില്ല,
ആരോഹി എന്ന പേരുപോലെ...
ഡയറി അടച്ചു പതിയെ പുറത്തേക്ക് വരാന്തയിലേക്ക്..., പിന്നിൽ സ്കൂൾ ഗ്രൗണ്ടിനപ്പുറം കടവാവലുകൾ ചേക്കേറുന്ന കാട്ടുമരം ഭയം നിറച്ചു ആർത്തു പറക്കുന്ന വാവലുകൾ, ഭയത്തിന്റെ നാമ്പുപോലും വിടർത്തുന്നില്ല എന്നത് തിരിച്ചറിയാൻ ശ്രമിച്ചിട്ടും നടന്നിട്ടില്ലാത്ത ഒരു സത്യമാണ് അത് .

ഒന്നല്ല ഒരു ആയിരം കടവാവലുകൾ ..,വൈകുന്നേരങ്ങളിൽ ഒറ്റയ്ക്കു ജനലരികിൽ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ കണ്ടിട്ടുണ്ട് ഒരുപാട് തവണകളിൽ ..,

ആ രാത്രികളിൽ ഒക്കെയും ഭയന്ന് ഉണർന്നിട്ടുണ്ട് ..

വെറുതെ ഒന്ന് ചിരിച്ചു ..

ടെറസ്സിൽ നിന്ന് നോക്കിയാൽ ഇൻഫോപാർക്കിൻറെ  കാർ  പാർക്കിംഗ് ഏരിയ .വെള്ളക്കുമ്മായം തേച്ച മതിലിനിപ്പുറം ബൊഗൈൻ വില്ലകൾ  അതിര് തീർക്കും സ്കൂൾ ഗ്രൗണ്ട് ..

വെറുതെ പുറത്തേക്ക് നോക്കി നില്ക്കാൻ സുഖമുണ്ട് ..,
പക്ഷെ കാഴ്ചകൾ എന്നും വ്യത്യസ്തമാണ് ..,ഓരോ നാടിനും ..
തൃശ്ശിവപേരൂർ.....

പൂരത്തിന്റെ ആവേശം നെഞ്ചിൽ നിറച്ച നാട് ...
നെറ്റിയിൽ ഭസ്മക്കുറിയിട്ട  നല്ല ചുള്ളൻ ചെക്കന്മാർ ...
എന്തൂട്ടാ ഗഡിയെ ...?

വെറുതെ ഒരു പുഞ്ചിരി ..

സെയില്സിൽ  ജോയിൻ ചെയ്തു ഒരു മാസത്തിനുള്ളിൽ നിർത്തി പോയ രഞ്ജിത് എന്ന ചുള്ളൻ പയ്യനെ ഓർമ്മിച്ചു ...
തനി തൃശ്ശൂർ ക്കാരൻ...

റാമിനോട് ഇതേക്കുറിച്ചു പറഞ്ഞാർത്തു ചിരിച്ചത് ഓർമയുണ്ട് .. 

ഓരോരോ ഓർമകളിൽ ഒരുപാടാരോക്കെയോ 

ഉത്സവം 

അച്ഛന്റെ ചിതയിൽ സ്വർഗം തേടിയ എന്റെ അമ്മഭഗവതിക്ക് ഉത്സവം ..

തിരഞ്ഞുപോയാൽ ഓർമകളേറെ ...

ആരോഹി ... ഈ ഉയർത്തെഴുന്നേൽപ്പിൽ 
പകയുണ്ട് ..

ലോകത്തോട് 

ആത്മാവാണ് 
പകയുണ്ടാകും ...

ചിരിച്ചുകൊണ്ട് സ്വയം കൈകൾ കൂട്ടി മുറുകി പിടിച്ചു അവൾ ... 

സ്വയം വീണുപോകാതിരിക്കാൻ ആവണം ..

ഹേയ് 

അല്ല 
അങ്ങനൊന്നും വീഴില്ല ഇനി .. 

പദം  വന്നിരിക്കുന്നു 
കണ്ടും ,കെട്ടും ,അനുഭവിച്ചും 

റാമിന്റെ മുഖം ഫോൺ സ്‌ക്രീനിൽ മിന്നിമറഞ്ഞു ..
അടിവയറ്റിൽ നിന്നൊരായിരം തീനാളങ്ങൾ ഒന്നിച്ചു മേൽപ്പോട്ടേക്കു വന്നതുപോലെ,
അന്ന് മൂക്കിൽ ഇട്ട ട്യൂബ് വലിച്ചൂരിയപ്പോൾ തോന്നിയ ആത്മാവ് പറിച്ചെടുക്കുന്ന നൊമ്പരം...

ഈ നോവ് ഇത് മാത്രമാണ് എന്നിൽ ജീവൻ നിലനിർത്തുന്നത്.. നോവുമെങ്കിലും ആരോഹിയുടെ മരണം  ആഘോഷിക്കപ്പെടാതിരിക്കാൻ ഒരു പ്രതീക്ഷ...

ഒരു കടവാവൽ  ഭീകരമാം  വിധം നിലവിളിച്ചുകൊണ്ട് കാണാമറയത്തേക്ക് ഊളിയിടുന്നുണ്ട് .....

പടിഞ്ഞാറ് കൊരട്ടി മുത്തിയുടെ പള്ളിയിൽ മണിശബ്ദം ഒരു ആശ്വാസം പോലെ ഒരു കരുതൽ പോലെ..,ചേർത്ത് നിർത്തും പോലെ ....











Friday, April 7, 2017

അച്ഛനോർമ്മ.., മഴയോർമ്മ




ഇത്രമേൽ എല്ലാത്തിനെയും ഓരോ
പൊട്ടും പൊടിയും മറന്നുപോകുമെന്നു ഒരിക്കൽപ്പോലും ഞാൻ ചിന്തിട്ടുണ്ടാവില്ല..
അനുവാദമില്ലാതെ കടന്നു വരുന്ന ഓർമകളെ അറിയാതെസ്നേഹിച്ചു പോകുന്നു .
ഒരിക്കൽ, ഒരിക്കലെങ്കിലും ഓർമയുടെ കല്ലുപെൻസിലുമായി ഇരുണ്ട എൽ പി സ്കൂൾ മുറ്റം താണ്ടി ,ആ കഞ്ഞിയും പയറും മണക്കുന്ന ജി എം എച്ച് എസ്സിന്റെ ഓഡിറ്റോറിയത്തെ മറികടന്നു അമ്പലപ്പുഴ പടിഞ്ഞാറേ ആൽചുവട്ടിനെചുറ്റി , ഇരട്ടപ്പെരുവിളിച്ച കളിക്കൂട്ടുകാരനെ പിന്തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തി ലേഡി ബേഡ് സൈക്കിളിന്റെ അഭ്യാസിയായി തലകുത്തിമറിഞ്ഞ് അച്ഛനെ കാണുമ്പോൾ നല്ലതങ്കക്കുടമായി അടക്കക്കാരിയായി .....,
സലിക്കെന്റെ കടേലെ മധുരപ്പുളി നുണഞ്ഞു ...
മഴ നനഞ്ഞ്ഞു ഉറ്റചങ്ങായിടെ അമ്മയോട് കള്ളം പറഞ്ഞു തല്ലു വാങ്ങിക്കൊടുത്തു തന്റേടിയായ ബാല്യം....
പട്ടിയെ പേടിചു നെൽ നാമ്പുകളിലെ പൊടിമഞ്ഞു തട്ടിച്ചു ജാൻസി ടീച്ചറുടെ അടുത്ത് ഗ്രാമർ പഠിക്കാൻ പോയ വെളുപ്പിനേകൾ... ഉറക്കം പാതി നിർത്തി സമയം തെറ്റി കയറി ചെല്ലുന്ന ഗണിത ക്ലാസ്‌കൾ...
ഇല്ല ...,ചികഞ്ഞെടുത്താൽ മാത്രം പുറത്തുവരും വിധം നിഗൂഢമായ തന്മാത്ര മാത്രമായിത്തീർന്നിരിക്കുന്നു ആ നല്ലകാലത്തിന്റെ ഓർമ്മകൾ...
ഒരിക്കൽ പറഞ്ഞത് തിരുത്തട്ടെ..
അനുവാദമില്ലത്ത നേരത്തു കടന്നുവരുന്ന അനുസരണയില്ലാത്ത വിശദീകരിക്കാനാവാത്ത ഒന്നല്ല ഓർമ്മകൾ, ഒരിക്കൽ മറന്നാൽ അനുവാദത്തോടെ പോലും കടന്നു വരാത്ത പ്രഹേളികയാണ്... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കണ്ണീർപൊഴിക്കുന്ന എന്തോ ഒന്ന്....
അച്ഛനോർമ്മ.., മഴയോർമ്മ..

Monday, February 6, 2017





ആരോഹിയിൽ തുടങ്ങി ആരോഹിയിൽ അവസാനിക്കുന്ന എഴുത്തുകളിൽ ഒരിടത്ത്പോലും യാഥാർഥ്യത്തോട് തതാൽമ്യം പ്രാപിക്കുന്ന ഒന്നിനെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല....

ഒന്നിൽ നിന്ന് ഒന്നിലേക്കുള്ള ഏറ്റകുറച്ചിലുകളിൽ എന്റെ ഏകാന്തതകൾ
കഥ പറയുന്നുണ്ട്.....

തികച്ചും വ്യത്യതസ്തമായ മത്തുപിടിപ്പിക്കുന്ന പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങൾ മാത്രം തേടിയുള്ള യാത്രകൾ.

ഒറ്റയ്ക്ക് ചൂഴ്നിറങ്ങുന്ന ഇരുട്ടിൽ ഓരോ ചിന്തകളും എന്നെ വേട്ടയാടി കീഴ്പ്പെടുത്തുന്നു.,
ആർക്കും മനസിലാകാത്ത വാക്കുകളിൽ ഞാൻ എന്നെ വരയ്ക്കുമ്പോൾ അക്ഷരങ്ങൾ മാത്രമാണ് എനിക്ക് കൂട്ടെന്നു തോന്നിയിട്ടുണ്ട്.

പതിയെ കണ്ണുതുറന്നു പിന്നിലേക്ക് നോക്കുമ്പോൾ എഴുതിപ്പകുതിയാക്കിയ അക്ഷരക്കുഞ്ഞുങ്ങൾ ദാഹത്തോടെ നോക്കുന്നുണ്ട്.

നിർവികാരതയ്ക്കും കഥ പറയാനാകുമെന്നു ഞാനാദ്യമായി  പഠിച്ചു....

വികാരങ്ങൾ, ചിന്തകൾ, നടക്കില്ല ഒരിക്കലും എന്നുറപ്പുള്ള ചിന്തകൾ, വിളികേൾക്കില്ല എന്നുറപ്പുള്ള ദൈവങ്ങൾ...

ഈ ലോകത്തിന്റെ കണ്ണുകൾ വിസ്മയങ്ങൾ മാത്രമാണെന്ന് പഠിപ്പിച്ച വെറും പൊയ്മുഖമാണെന്ന് പഠിപ്പിച്ച നിമിഷങ്ങൾ..

എന്നും എപ്പോളും ഒന്നിൽ മാത്രം ഒതുങ്ങാനുള്ള പെണ്ണിന്റെ വെമ്പൽ അസൂയയും കുശുമ്പും കാത്തിരിപ്പും നിറഞ്ഞ പ്രണയം..,നിലപ്പിനായ മാത്രമുള്ള വിശ്വാസങ്ങൾ.,

തിരിച്ചറിവിൽ നിന്ന് മനസ്സ് കൈവിട്ടുപോകുന്ന ഏതാനും ചില നിമിഷങ്ങളിൽ ഞാൻ മനസ്സിലാക്കാറുണ്ട് പരസ്പരപൂരകമാണ് ജീവിതമെന്നും., കൈനീട്ടിയാൽ ആഗ്രഹങ്ങൾ സഫലീകരിക്കലാണ് സ്വന്തം എന്ന് കരുതി നെഞ്ചോട് ചേർക്കുന്ന എന്തെങ്കിലും
ഒന്ന് സ്വന്തമായി വേണമെന്നും...

ആരോഹിയായി വേഷപ്പകർച്ച നടതുമ്പോളും പൂർണത കണ്ടെത്തുന്ന പെണ്ണിന്റെ നിശ്ചയദാർഢ്യം .

അതുമാത്രമാകാം അവസാനമെന്നറിഞ്ഞിട്ടും അക്ഷരങ്ങളിൽ മാത്രം പൂർണത നൽകിയ കാലത്തിന്റെ മനസ്സുകൊണ്ടല്ലാതെ ബുദ്ധികൊണ്ട് മാത്രം ചിന്തിക്കുന്ന പുതിയ മുഖം,
തിരിച്ചറിവുകൾ എന്നെ പലപ്പോഴും അന്ധയാക്കാറുണ്ട്  .
.
എന്നെ വേദനിപ്പിക്കുന്ന എന്നെ കീറിമുറിച്ചു എന്റെ രക്തം ഊറ്റിക്കുടിക്കുന്ന എന്നെ ഭ്രാന്തിയാക്കുന്ന ഏകാന്തതകൾ ..

അതെന്നെ ഭയപ്പെടുത്തുന്നുണ്ട് വല്ലാതെ .. ,ആൾക്കൂട്ടത്തിനുനടുവിലും ഓരോ നിമിഷവും എന്നെ തനിച്ചക്കുന്ന എന്നിലെ യാഥാർഥ്യം..,
ഉറഞ്ഞുകൂടിയ ചിന്തകളായിരിക്കാം ഒരുപക്ഷെ പിന്നാലെ നടന്നു വേട്ടയാടുന്നത്.
വാക്കുകൾക്ക് മൂർച്ചയുണ്ടെന്ന് ,

നുണകൾക്കു എന്റെ ജീവൻ പിടിച്ചു നിർത്താനുള്ള കഴിവുണ്ടെന്നും ഇടയ്ക്കൊക്കെ തിരിച്ചറിയുന്നുണ്ട് ഞാൻ

പാഴാക്കിക്കളഞ്ഞ ദിനങ്ങളിൽ  തിരികെ കിട്ടാത്ത എനിക്ക് മാത്രം സ്വന്തമായുള്ള മനസമാധാനത്തിന്റെ  താക്കോൽ തിരയട്ടെ.

ജീവൻ തിരിച്ചുനല്കിയ നിന്നിൽ ഉറഞ്ഞുകൂടിയ എന്നിലെ സന്തോഷത്തിന്റെ താക്കോൽ.
കണ്ണുകൾ ഇറുക്കിയടച്ചു ഓർമകളെ ആട്ടിപ്പായിക്കുന്ന ഓരോ  നിമിഷങ്ങളിലും ഉണർവിനെ ഞാൻ ഭയക്കുന്നു.

ഞാൻ എന്ന ചിന്തയെയും സ്വന്തമെന്ന ചിന്തയെയും മുന്നിലുള്ള എനിക്ക് കിട്ടാത്ത എന്തിനെയും ഞാൻ ഭയക്കുന്നു..

ആരോഹി(സൂര്യ)

Sunday, December 25, 2016

ചില നിമിഷങ്ങൾ.,

നിനക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ ??? വല്യച്ഛൻ ചോദിച്ചതാണ്... നെഞ്ചുപൊടിയും പോലെ വിളിച്ചിട്ടുണ്ട്..
ചില നിമിഷങ്ങളിൽ എന്നെപ്പോലും മറന്ന്.
 മനുഷ്യൻ വെറും മനുഷ്യനാണെന്നു തോന്നിപ്പോകുന്ന ചില നിമിഷങ്ങളുണ്ട്.
ചില നിമിഷങ്ങൾ.,
ചില യാത്രകളിൽ.,
ചില നിമിഷങ്ങളിൽ.,
.ഒന്നിച്ചൊപ്പമുണ്ടായിരുന്ന പലതും ,
ഒരു വിളിപ്പാടകലെയുണ്ടായിരുന്ന പലതും,
 എവിടെയെന്നുപോലും അറിയാതെ പോകുന്ന നിമിഷം..,

ദൈവത്തെ ആ സങ്കൽപ്പത്തെ വിശ്വസിക്കണോ വേണ്ടയോ എന്ന് തോന്നുന്ന നിർവികാരതയ്ക്കും അപ്പുറം അത്ഭുതമാണ്..... ഇത്രത്തോളം... ഇതിനെയൊക്കെ വെറുമൊരു ഇരുപത്തിമൂന്ന്കാരിക്ക്  എങ്ങനെ നേരിടാൻ ആവുന്നു എന്ന്....

ചോദ്യങ്ങളൊരുപാട് ഒരുപാട് ബാക്കിയാകുമ്പോൾ എന്തിനെയാണ്   സ്വീകരിക്കേണ്ടതെന്നറിയില്ല....
നാവുനീട്ടി എന്നെ വിഴുങ്ങാൻ കാത്തിരിക്കുന്ന എനിക്കുറപ്പുള്ള എന്റെ ഭാവി എന്ന് മറ്റുള്ളവർ കരുതുന്ന ഈ ലോകത്തെയോ?????????????

അതോ താത്കാലികം എങ്കിലും ഒരാശ്വാസം എന്ന് ഞാൻ കരുതുന്ന മരണത്തെയോ??????

ഓരോ ദിവസവും ജീവിച്ച്  തീർക്കണമല്ലോ എന്ന് കരുതി തള്ളിനീക്കുന്ന നിമിഷങ്ങളിൽ എന്നെ ആവിശ്യം എന്റെ തലയ്ക്കു വിലയിടുന്ന  ചിലർക്കുമാത്രം.......

അവസാനിക്കുന്നതെല്ലാം കണ്ണീരിലാണ്... ഒടുക്കവും തുടക്കവും ഈ ഞാനും... എല്ലാം എല്ലാം.....

എഴുതിതുടങ്ങിയിടത്തു ചിലപ്പോൾ ഞാൻ അവസാനിച്ചേക്കാം....
.

താൽക്കാലികമായിപ്പോലും ദൈവം എന്നെ പരിഗണിക്കുന്നില്ല.... ഞാനെന്ന ശ്വാസവും ജീവനും ഹൃദയവുമുള്ള എന്നെ.....

ശ്വാസത്തെ പിടിച്ചു നിർത്താൻ ഇടയക്ക് ഒക്കെ ശ്രമിച്ചിട്ടുണ്ട്......


കടുകെണ്ണ മണക്കുന്ന ഗലികളിൽ എവിടെയോ സ്വപ്നം കൂടുകൂട്ടിയതിനെ പറത്തി അകത്തി വിട്ടു തിരിച്ച് തനിയെ തേടിവന്നത്..... ,അവസാനിപ്പിച്ചിടത്തു തന്നെ വന്നു തുടങ്ങാനായിരുന്നു......
പിടിച്ച്  നിൽക്കാനുള്ള അവസാനത്തെ ശ്രമം.... അവിടെയും തോറ്റു എന്ന് തിരിച്ചറിയാതെ ഓരോട്ട പ്രദിക്ഷിണം ആണ്.... തോലക്കാൻ സമ്മതിക്കാതെ... ...സ്വയം തോൽക്കാൻ മടിച്ചു..........
സ്വയം കാണാൻ മറന്നു.......

എഴുതി പകുതിയാക്കിയ ഡയറിത്താളുകൾ  ഈ ഡിസംബറിൽ തണുത്തു മരവിച്ചു എന്റെ അക്ഷരച്ചൂടിനെ കാത്തിരിക്കുന്നുണ്ട് അച്ചടിമഷിക്കായ്...... .. എന്നിലെ പ്രണയവും കവിതയും ഞാനും സ്വപ്നങ്ങളും
അവസാനിച്ചിരിക്കുന്നു എന്നറിയാതെ....
എന്നെ വിട്ടകന്നതിനൊപ്പം അതും ഉണ്ടായിരുന്നു എന്നറിയാതെ.......



Friday, November 18, 2016

പുനർജ്ജന്മം

പുനർജ്ജന്മം.... അങ്ങിനെയൊന്നുണ്ടോ???.
..
പുനർജന്മവും മുൻജന്മവും എല്ലാം കെട്ടുപിണഞ്ഞുകിടക്കുന്നു.നമ്മുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും..
ഇന്നീ സംസാര സാഗരത്തിൽ നമ്മുടെ ജീവിതവും മുൻജന്മത്തിന്റെ ബാക്കിയത്രെ....
ചിലരൊക്കെ നമുടെ ജീവിതത്തിലൂടെ കടന്നുപോകാറില്ലേ..... ആരാണെന്നറിയാതെ ആരൊക്കെയോ ആയി.,ചിലപ്പോൾ ചില യാത്രകളിൽ ചിലപ്പോൾ ആകസ്മികമായ ചിലപ്പോൾ വളരെ കുറച്ച കാലം ചില നല്ല സൗഹൃദങ്ങളായ്....
പെട്ടന്നു ഒരു ദിനം ജീവിതത്തിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുവന്നു എന്തൊക്കെയോ കടങ്ങൾ വീട്ടി പോകുന്നവർ....
ഒരുപക്ഷെ പേര് പോലും അറിയാത്ത എത്രയോ പേർ.....
സത്യമല്ലേ...
ഇപ്പോഴും ഒരു നിയോഗം പോലെ വന്നുപോയവർ ഒരുപാടുണ്ടാവില്ലേ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ.....
ചിലർ അവർ നമുക്ക് ആദ്യ കാഴ്ചയിൽ തന്നെ കണ്ടുമറന്ന ഒരു രൂപമായ തോന്നാറില്ലേ.....
ചിലർ ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളിൽ വന്നു എന്തൊക്കെയോ പഠിപ്പിച്ചും പറഞ്ഞും തന്നു അകന്നുപോകാറില്ലേ...
ചിലരോടെന്കിലും അകാരണമായ നമുക്കൊരു അടുപ്പം തോന്നാറില്ലേ പറഞ്ഞറിയിക്കാനാവാത്ത ലരു അടുപ്പം....?? ചിലപ്പോൾ മകനോ മകളോ എന്നപോലെ ചിലപ്പിൽ അനിയത്തിയെ അനിയനോ എന്നപോലെ ചിലപ്പോൾ അച്ഛൻ സഹോദരൻ ചിലപ്പോൾ മറ്റെന്തോ....
ഒരുറപ്പ് ഞാൻ പറയാം ....ഇങനെ എന്തെങ്കിലും പ്രത്യേകത ഒരാളോട് പറഞ്ഞറിയിക്കാനാവാത വധം തോന്നുന്നുവെങ്കിൽ തീർച്ച അവർ നമുക്ക് ആരോ ആയിരുന്നു കഴിഞ്ഞ ജന്മം....
ഏതോ ഒരു കടം വീട്ടാനായി... അല്ലെങ്കിൽ ആത്മാവിന്റെ അടങ്ങാത്ത ആഗ്രഹം അതു തീർക്കാനായി പുനർജന്മത്തിന്റെയും മുൻജന്മത്തിന്റെയും തുടർച്ച തന്നെയാണ്......
ശാസ്ത്രം വളരുകയാണ്....
മാനസികശാസ്ത്രത്തിന്റെ അതികഠിനവും എങ്കിൽ തികച്ചും രസകരവും അത്ഭുതകരവുമായ പഠന ശാഖയാണ് മുൻജന്മവും പുനർജന്മവും ഒക്കെയായ ബന്ധപ്പെട്ടുകിടക്കുന്നത്....
ഇന്നീ ജീവിതത്തിൽ ഒരു യാത്രയിൽ പോലും ഒരുപക്ഷെ നമ്മൾ കണ്ടുമുട്ടുന്ന ചിലരെങ്കിലും ആരൊക്കെയോ ആയിരുന്നിരിക്കണം...
തീരാ ക്കടങ്ങൾ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ബാക്കിവയ്ക്കുമ്പോൾ തീർച്ചപ്പെടുത്തിക്കൊളു ഇതിനു പകരം കടം വീട്ടിയിരിക്കും ഈദ് ജന്മമെല്ലെങ്കിൽ അടുത്ത ജന്മം...
വെറും വാക്കല്ല ....മാനസിക ശാസ്ത്രം തെളിയിച്ച പച്ചയായ സത്യം.....
എന്തിനോടെങ്കിലും തീവ്രമായ വേദനയോ പകയോ ആഗ്രഹമോ ബാക്കി വച്ചു ദേഹം വിട്ടകലുന്ന ആത്മാവ് അത് സാധിക്കുവാൻ പുനർജനിക്കുമത്രെ.....
അറിയാതെ വന്നു പറയാതെ ഒരിത്തിരി നോവോ സ്നേഹമോ ഒക്കെ സമ്മാനിച്ച പോയാൽ ഉറപ്പിക്കാം ഒന്നുകിൽ ഇത് മുന്കാലത്തിന്റെ ബാക്കി അല്ലെങ്കിൽ ഇനിയൊരു പുനർജന്മത്തിലേക്കുള്ള തുടർച്ച........
ഞാൻ അന്വേഷണത്തിലാണ്.....
എന്റെ മുൻജന്മത്തെക്കുറിച്.....
തീരാത്ത യാത്രയിൽ........
സൂര്യ....(അജീഷ്‌ണ)

Monday, October 17, 2016

ഒരു തുറന്നുപറച്ചിൽ

ചിലരോടൊക്കെ ചോദിയ്ക്കാൻ തോന്നിയിട്ടുണ്ട് എന്തിനാണ് എന്നെ ഇത്രത്തോളംവേദനിപ്പിക്കുന്നതെന്നു
....
സ്വയം അസ്തിത്വം തിരഞ്ഞു നടന്നു ഉരുക്കിത്തീരുന്നുണ്ട് ഇനിയും ഈ അടഞ്ഞ വാതിലുകളിൽ കൊട്ടിവിളിക്കാൻ താല്പര്യമില്ല...
തുറന്നെഴുതാൻ് മടിച്ചിട്ടുണ്ട് പലപ്പോഴും ഇപ്പോഴും ...
എഴുത്തുകൾ ഒരുപക്ഷെ പലരെയും വേദനിപ്പിച്ചേക്കാം ഞാനറിയാതെ എന്നെ ഒരല്പമെങ്കിലും സ്നേഹിക്കുന്ന അരുടെയെങ്കിലുമൊക്കെ കണ്ണ് നിറയിച്ചേക്കാം അതുകൊണ്ടു മാത്രം.......
എന്റെ പ്രിയസുഹൃത്തു ചോദിച്ചതോർമിക്കുന്നു നീ സ്വയം കീറിമുറിക്കാൻ പോവുകയാണോ എന്ന്.....
അതെ.....
ഞാൻ സ്വയം മരിച്ചിരുന്നു പിറവിക്കും മുൻപേ .....
ഇനി വേദനിക്കില്ല....
സ്നേഹം മാത്രം തേടിപ്പോയി....
അവിടെ തെറ്റി....
ഒരുപക്ഷേ ഞാനും നിങ്ങളും എല്ലാവരും ആഗ്രഹിക്കുന്നതും അതുതന്നെയാകും......
ഒറ്റയ്ക്കൊരുമുറിയിൽ അടച്ചിരുന്നു പണ്ത്തിനുമുകളിൽ കിടന്നുറങ്ങിയാൽ സമാധാനം ഉണ്ടാകുമോ ???
ഏതൊരു വ്യക്തിയും ആരെയെങ്കിലും ഓര്മിക്കുവാനോ ആരാലെങ്കിലും ഓർമിക്കപ്പെടുവാനോ ആഗ്രഹിക്കുന്നു.....
സ്നേഹം അതെന്നും മറ്റെന്തിനേക്കാൾ വലുത് തന്നെ...
പിറന്ന വീണ് നിമിഷം മുതൽ ഏതൊരു പെണ്ണും ആണും കരഞ്ഞു നിലവിളിക്കുന്നത് സ്നേഹത്തിനായ്മാത്രം....
വയർ നിറയെ പാൽകുടിച്ചാലും കുഞ്ഞു കരയാറുണ്ട്....
അമ്മയുടെ സ്നേഹ വാത്സല്യത്തിനായ്.....
ജീവിതത്തിന്റെ ഓരോ അവസ്ഥകളിലും ഓരോ കാലഘട്ടങ്ങളിലും മനസ്സ് കൊതിക്കുന്നത് സ്നേഹത്തെയാണ്
...
പരമപ്രധാനമായ സ്നേഹത്തെ....
സൗഹൃദത്തിലും പ്രണയത്തിലും ലൈംഗീകതയിലും ഒക്കെയും സ്ഥായിഭാവം സ്നേഹം മാത്രം ആണ്....
ആർക്കും എന്തും പറയാം ഭ്രാന്തെന്നോ എന്തും....
ഞാനെന്ന ഈ പൊയ്മുഖവും കൊതിക്കുന്നത് സ്നേഹമാണ്.....
ഓരോ അവസ്ഥകളും അമ്മ,അച്ഛൻ,സഹോദരൻ,സഹോദരി,സുഹൃത്ത്,കാമുകൻ,അങ്ങനെയങ്ങനെ ഓരോ രൂപങ്ങളിൽ നിന്നും ഓരോന്നിൽ നിന്നും വ്യത്യസ്തമായ സ്നേഹം.....
തുറന്നു പറഞ്ഞാൽ ഈ ഞാൻ പോലും അത് മാത്രമാണ് ആഗ്രഹിക്കുന്നതും.....
ഒരുപക്ഷെ എന്നെ ഏറ്റവുമധികം ചൊടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും സ്നേഹശൂന്യതയും ,ആൽ്മാർത്ഥതയില്ലായ്മയുമാണ്..
.......
എന്റെയാ നാരങ്ങാ സൗഹൃദത്തിലും ഞാൻ ആരും അറിയാതെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് സ്നേഹത്തിന്റെ അസ്തിത്വം തന്നെയാണ്.....
എന്നെപ്പോലെ തിരിച്ചറിയാതെ അകലുമെന്നുറച്ച വിശ്വാസമുണ്ടായിട്ടും വെറുതെ കാത്തുവയ്ക്കുന്ന ദൈവം എഴുതിചേർക്കാത്ത എന്റെ നാരങ്ങാ സൗഹൃദം.......
ഒരുപാടൊരുപാട് കുന്നിക്കുരുക്കുതിമുല്ലകൾ....
വിരിഞ്ഞു തോർന്നു  സ്നേഹമഴയിൽ ഒലിച്ചുപോവട്ടെ....
ഭ്രാന്തെഴുത്തു

Regression

വികാരങ്ങളും വിചാരങ്ങളുമില്ലാതെ  ഒരു പഞ്ഞിക്കെട്ടുപോലെ പറന്നുനടന്ന ബാല്യം നോക്കി പുഞ്ചിരിക്കുന്നുണ്ട്......
ചെയ്തതെല്ലാം തെറ്റായിപ്പോയെന്ന തിരിച്ചറിവിൽ സ്വയം പഴിക്കണോ അതോ ദിനവും നെഞ്ചിൽ കാത്തുസൂക്ഷിക്കുന്ന ആ ഒറ്റമയിൽപ്പീലിതുണ്ടിനോട് പരിഭവിക്കണോ എന്നറിയില്ല.....
ആ കരിനീലക്കറുപ്പുമാ ഒറ്റമയിൽപ്പീലിതുണ്ടും ആശുപത്രിയിലെ ആ നരകത്തിൽ വച്ചെന്നേ അകന്നു പോയിരുന്നു....
നെഞ്ചിൽ കാത്തുവച്ചയാ മഞ്ഞപുഷ്യരാഗവും ഓടക്കുഴലും വെറുമൊരു സങ്കല്പം മാത്രമായിപ്പോയിടത്തു ഇനിയാരോട് പരിഭവം......
ഓർമയിൽ ബോധത്തിലേക്ക് ഞാൻ തിരിചെത്തിയത്് പുതിയ ഉണർവോടെ.....
സത്യത്തിലേക്ക് മാത്രം കണ്ണുതുറന്നു..
പിന്നിലേക്കോ മുന്നിലേക്കോ നോക്കാതെ ഇന്നിൽ മാത്രം ജീവിക്കാൻ തീരുമാനിച്ച് ....
ഒടുവിൽ......
ആ അതിജീവനം തന്നെയായിരുന്നു ഏറ്റവും വലിയ തെറ്റെന്നു തിരിച്ചറിഞ്ഞ ഈ നിമിഷം ഇനി......
മുന്നോട്ടുപിന്നോട്ടോ ഇല്ലാതെ....
തിരിച്ചറിവിന്റെ ഗംഗയിൽ മുങ്ങിക്കയറാനാവാതെ ആഴക്കയത്തിലേക്ക് താണു താണു പോയെങ്കിൽ......
ഇനിയും തലകുനിക്കാനാവാത്തത് കൊണ്ടുമാത്രം.......
എന്നിലെങ്കിലും ഞാൻ ജീവിക്കുമായിരുന്നു....
എന്റെ അക്ഷരങ്ങളോടൊപ്പം.....

Sunday, October 16, 2016

തിരഞ്ഞെടുത്ത ഓർമ്മകൾ

ഒരു മഴത്തുള്ളിയായ് പെയ്തു പെയ്തു....

ഒടുവിൽ വെറുമൊരു ഓര്മ മാത്രമായ് പെയ്തൊഴിയും ഞാൻ....കടുകെണ്ണ മണക്കുന്ന ഗലികളുടെ ഇരുണ്ട ഇടനാഴികളിൽ എവിടെയൊക്കെയോ തേങ്ങലുകൾ കേൾക്കാറുണ്ട്....
നാടിനെ മറന്നു കുടിയേറിപ്പാർത്ത ഒരുപാടൊരുപാട് യന്ത്ര മനുഷ്യരുടെ....

ബാല്യം ഒരുമുറിക്കുള്ളിൽ അവസാനിച്ച ഒരുപാട് കുരുന്നുകളുടെ....,

ജീവിക്കാൻ മറന്ന  ജീവനില്ലാ പ്രതിമകളുടെ.....

ആവശ്യങ്ങൾക്ക് മാത്രം കണ്ണ് തുറക്കുന്ന ജീവനില്ലാത്ത പാൽകുടിക്കുന്ന ഭക്ഷണം കഴിക്കുന്ന കുറെയേറെ ജന്മങ്ങൾ......

ആഴത്തിലുറഞ്ഞ  കാത്തിരിപ്പിന്റെ വാക്കുകളിൽ പാതിയായ സ്വപ്നങ്ങളിൽ സ്വരുക്കൂട്ടിയ അനുഭവങ്ങൾ എത്തിനോക്കുന്നുണ്ട്

Thursday, October 13, 2016

പിറന്ന നാടിനും ഭരതംബയ്ക്കും വേണ്ടി നാടും വീടും വിട്ട് അതിർത്തിയിൽ രാവും പകലുമില്ലാതെ കാവൽ നിൽക്കുന്ന പട്ടാളക്കാരൻ......
ഒരിക്കൽ പോലും സമൃദ്ധിയുടെ ഈ ലോകത്തു നമ്മൾ അവരെ ഓർമ്മികാറില്ല
അവന്റെ വീട്ടിൽ ഒരമ്മയുണ്ട്....
മകന്റെ ലോണിൽ മകളെ കെട്ടിച്ചയച്..,മകനായ മാത്രം തൊടിയിലെ മാങ്ങയും പൊടിയും പൊട്ടും കാത്തു വചിരിക്കുന്ന അമ്മ....
പിന്നെ അവന്റെ പെണ്ണുണ്ട്....
വെറും ഒരു പെണ്ണല്ല...
അവളാ അമ്മയ്ക്ക് മകനും മകളുമാണ്.......
അമ്മയെ പൊന്നുപോലെ നോക്കുന്നവൾ....അവനുള്ളപ്പോൾ അമ്മയ്ക്ക് ഒരു സുഖമില്ലായ്മ വന്നാൽ എങ്ങിനെ നോക്കുമോ അതിനേക്കാൾ നന്നായ് അവന്റെ കുറവറിയിക്കാതെ ആ അമ്മയെ നോക്കുന്നവൾ....
അവന്റെ ഇഷ്ടങ്ങൾ അറിയുന്നവൾ...
അവനു വേണ്ടി മാത്രം ജീവിതം ആർപ്പിച്ചവൾ.....
ആ കുടുംബം നോക്കുന്നവൾ....
കറന്റ് ബില്ല് അടയ്ക്കുന്നത് മുതൽ സർവകാര്യങ്ങളും ഒരാണിനെപ്പോലെ ചെയ്തുതീർക്കാൻ പ്രാപ്തിയുള്ളവൾ....
അപ്പോളും  അവന്റെ ഭാര്യയായിത്തന്നെ അഭിമാനത്തോടെ അന്തസ്സോടെ അവന്റെ പെണ്ണായി ഒരു പട്ടാളക്കാരന്റെ പെണ്ണായി ജീവിക്കുന്നവൾ....
ദിനവും ഒരിറ്റു കണ്ണീർ പ്രാർത്ഥനയോടെ സീമന്തത്തിൽ കുങ്കുമം ചർത്തുന്നവൾ......
ഉണ്ണിക്കണ്ണനുമുന്നിൽ എന്നുമാ താലിയെ കണ്ണോട് ചേർത്ത് പൂജിക്കുന്നവൾ....
ഒരു പ്രാര്ഥനയായ്...
കരുതലായ്
എന്നുമാ കൈകളുടെ കരുത്തിൽ മാത്രം ഒതുങ്ങി ആ നെഞ്ചിലെ ചൂടിൽമാത്രം അലിഞ്ഞു അവനിൽ മാത്രം നിറഞ്ഞു ജീവിക്കുന്നവൾ.....
അവന്റെ വീടിനെ വീടായ് സൂക്ഷിക്കുന്നവൾ.....
ലീവിന് വരുന്ന നാളുകൾ അവനോടൊപ്പം എണ്ണി എണ്ണി കാത്തിരിക്കുന്ന പെണ്ണ്....
അവനു മുന്നിൽ മാത്രം വെറുമൊരു തൊട്ടാവാടി പെണ്ണ്...
അവന്റെ അഭാവത്തിൽ അവന്റെ നേർപാതി....
അവൻ തന്നെ.....
ലീവ് തീരുന്ന അവസാന നാളിൽ മഴപെയ്യുന്ന രാത്രിയിൽ അവന്റെ നെഞ്ചിനെ കണ്ണീരിൽ നനയിച് അവനോടൊട്ടിക്കിടന്നു പൊട്ടിക്കാരയുന്നവൾ.....
ഒടുവിൽ അവനിഷ്ടമുള്ളതൊക്കെ പാചകം ചെയ്തു ബാഗിൽ നിറചു....
പോകും നേരം ആരും കാണാതെ നൽകുന്ന ചുംബനം നിറകണ്ണോടെ നെറ്റിയിലേറ്റു വാങ്ങി ആ നെഞ്ചിലൊന്നുകൂടെ മുഖമമർത്തി വിങ്ങിപ്പൊട്ടി ഒടുവിൽ സ്നേഹവും വിരഹവും നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച്.... അമ്മയെ ചേർത്ത് നിർത്തി അവനെ യാത്രയാക്കുന്നവൾ.....
അങ്ങിനെയങ്ങിനെ നെഞ്ചുപൊടിക്കുന്ന  ഒരുപാടിഷ്ടങ്ങളെ ഒരുപിടി കണ്ണീരിലൊതുക്കി ഒരു പുഞ്ചിരിയിലും ഒരു ചുംബനത്തിലും ഒടുവിൽ ഭാരത് മാതാ കീ ജയ് എന്ന ഹൃദയമന്ത്രത്തിലും ഒതുക്കിയ ഒരുപാടൊരുപാട് ധീര ജവാന്മാർ....
സമർപ്പിക്കുന്നു
ഈ എഴുത്ത്....
ഭാരതംബയെ കാക്കുന്ന ഓരോ ജാവാനും അവന്റെ കുടുംബത്തിനും.....
സൂര്യ....

Tuesday, September 27, 2016

പറിച്ചു നടൽ

ഈ മണ്ണും മണവുമെന്നെ വീർപ്പുമുട്ടിക്കുന്നുണ്ട്.......

ഒരു കുഞ്ഞാത്തോലിന്റെ കഥ കേൾക്കാൻ ചമ്രം പടിഞ്ഞിരുന്ന കുഞ്ഞു പെണ്ണിന്റെ ലാഘവത്തോടെ ആകാംക്ഷയോടെ ഞാൻ ഇതിനെ നോക്കികാണുന്നു.....

ഉറക്കമില്ലാത്ത രാവുകളിൽ ചിലപ്പോളൊക്കെ കേൾക്കാം പുറത്തു നിന്നു ചില നിലവിളികൾ.....

ഒളിച്ചോട്ടം ആയിരുന്നു....
എല്ലായിടത്തും നിന്നു.....
ഒന്നും പറയാതെയുള്ള ഒളിച്ചോട്ടം...

ആരിൽ  നിന്നാണ് ഒളിച്ചോടിയാതെന്നെനിക്കറിയില്ല...
എന്നിൽ നിന്ന് തന്നെ.....

കടുകണ്ണയുടെ  മണമാണ്....
ഈ തെരുവുകളിൽ....

പിന്നെഎന്തൊക്കെയോ.....

ഞാൻ എന്ത് തേടി ഇവിടെ വന്നുവെന്ന് എനിക്കറിയില്ല....

ബാക്കി വച്ചതെന്തൊക്കെയോ എന്നെ കാത്തിരിക്കുന്നുണ്ട്.....

പിന്നെ ഒരുപാടു പ്രിയപ്പെട്ടതെന്തൊക്കെയോ....

ഒറ്റയ്യ്ക്കൊരു യാത്രയ്ക്കൊരുങ്ങിയത് പിന്തിരിഞ്ഞു നടക്കാൻ ആവാത്തതുകൊണ്ടാണ്

Wednesday, September 14, 2016

ഓണമാണ്.... ഓണം.....

ഓണം.... അതെന്താണെന്നു സ്വയം ചോദിക്കേണ്ടിയിരിക്കിന്നു.......
അച്ഛനാണെനിക്കോണം.....
എന്റെ അമ്മമ്മയാണെനിക്കോണം......
വാഴയിലയിൽ സദ്യ വിളമ്പി ആരൊക്കെ ഒപ്പം ഉണ്ടായാലും വഴിക്കണ്ണുമായി എന്നെയും അമ്മയെയും കാത്തിരിക്കുന്ന അമ്മമ്മ.......
ആ സ്നേഹത്തിനൊരു മധുരമുണ്ട്.... എവിടെപ്പോയാലും തിരികെ മാടിവിളിക്കുന്ന സ്നേഹത്തിന്റെ ഒരു മായികശക്തി....
അകലെയാണ്.....
വഴിക്കണ്ണുമായി ഞാൻ ആരെയോ കാത്തിരുന്നു ഇന്നും...,
വെറുതെ എന്നറിഞ്ഞിട്ടും......
ഒറ്റയ്ക്കാക്കിയതല്ല....,
ആയിപ്പോയതാണ്........
കാലം......
അച്ഛന്റെ മണമുള്ള ഓണം....
ആ ഓർമ്മയിലെ ആരാലും ഓർമ്മിക്കപ്പെടാത്ത ഓണം.....
ആരോട് ....
ആർക്ക്....
എന്ത്........
ഒന്നുമില്ല........
ആർക്കും....
കല്ലിൽ തീർത്ത മനസ്സിനെ ഉളിയിൽ ഒന്നുകൂടി മൂർച്ച വരുത്തി തീയിൽ പതം വരുത്തി വെറുതെ....
വെറുതെ.......

കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...