Thursday, October 1, 2020

നിരഞ്ജന

ബിന്ദിപ്പൂക്കൾ.

അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു.
കില് കിലേച്ചിരിക്കുന്ന തടിച്ച മുഖവും ഉരുണ്ട കൈകളും , ചെറിയ കണ്ണുകളും ഉന്തിനിൽക്കുന്ന മാറിടവും ,വിലകുറഞ്ഞ ചുമന്ന ചായം തോന്നിയപടി തേച്ചുപിടിപ്പിച്ച ചുണ്ടുകളുമുള്ള നിരഞ്ജന.

തലയിൽ ബിന്ദിപ്പൂവ് ചൂടി , കയ്യിൽ ഒരു ചെറിയ മൊബൈൽ പിടിച്ചു തുള്ളിത്തുള്ളി നടക്കുന്ന നിരഞ്ജന.
അവൾ  അകത്തേക്ക് കയറുമ്പോൾ ബിന്ദിപ്പൂക്കളുടെ മണമായിരുന്നു.

ഒരേ സമയം നിതംബമിളക്കി തെറ് തെറെയെന്നു ഓടി നടന്നു ആ വീട്ടിലെ പണികൾ മുഴുവൻ ചെയ്തു തീർത്തിരുന്നു.

ഞാൻ ആ വീട്ടിൽ അതിഥി ആയിരുന്നു.
ക്ഷണിക്കപ്പെടാത്ത അതിഥി

 ആതിഥേയത്വത്തിൽ വെറുപ്പ് പ്രകടമാക്കാതെ തൽക്കാലികതയിൽ കുടുംബത്തിലെ ആണൊരുത്തന് പെണ്ണായി വന്നുകയറിയൊരുവളുടെ  പണിക്കാരിയെ പൂർണ്ണമായും വീക്ഷിച്ചിരിക്കുക എന്നത് മാത്രമായിരുന്നിരിക്കണം ആ കാലയളവിൽ എന്റെ നേരം പോക്ക്.

 വന്നുകയറിയ പെണ്ണൊരുത്തി കാണാതെ പോയ മോതിരത്തിനു വേണ്ടി അന്നൊരിക്കൽ നിരഞ്ജനയുടെ കഴുത്തിൽ പിടിച്ചു ഞെരിച്ചു ഭിത്തിയോട് ചേർത്ത്‌ നിർത്തിയതും,  മിനിട്ടുകൾക്കുള്ളിൽ വന്നുകയറിയ പെണ്ണൊരുത്തിയുടെ കൂട്ടുകാരൻ അയാളുടെ കാറിൽ വീണുപോയ അവളുടെ  കാണാതെ പോയ മോതിരം തിരികെ നൽകിയതും , നിരഞ്ജന കണ്ണുതുടച്ചു , ഭാഭി ഞാനിത് ആരോടും പറയില്ല എന്നു ഉറപ്പ് നൽകി സാരി നേരെയാക്കി , പാത്രം കഴുകൽ തുടർന്നതും, പോകും നേരം വന്നുകയറിയ പെണ്ണൊരുത്തി വച്ചു നീട്ടിയ നൂറിന്റെ ഒറ്റനോട്ട് മടക്കി ബ്ളൗസ്സിനുള്ളിൽ തിരുകി നടന്നകന്നതും, അവളുടെ വീണുപോയ ബിന്ദിപ്പൂവ്വ് വന്നുകയറിയ പെണ്ണൊരുത്തി ചവിട്ടിയെറിഞ്ഞതും കണ്ടിട്ട് മിണ്ടാതെ ചലിക്കാതെ ഇരിക്കുവാൻ കഴിഞ്ഞത് എനിക്കുള്ള അപാരമായ ക്ഷമകൊണ്ടാണെന്നു പിന്നീട് തിരിച്ചറിഞ്ഞിരുന്നു.

വെള്ളയും മഞ്ഞയും ബിന്ദികൾ കൂട്ടിച്ചേർത്തവൾ പിറ്റേന്നാൾ കുലുങ്ങി വന്നു.അന്നവൾക്ക് ഒരു കഷണം ബർഫി കൊടുത്തു അതിന്റെ വിലപറച്ചിൽ നടത്തി വന്നു കയറിയ പെണ്ണൊരുത്തി അവളെക്കൊണ്ടു  പൊടിപിടിച്ച സർവ്വ വസ്തുക്കളും തുടപ്പിച്ചു.

അന്നവൾ കൂലി കൊടുത്തില്ല പകരം പോകും നേരം ഒരു ബർഫികൂടി കൊടുത്തു.
നിരഞ്ജന അതു വിഴുങ്ങി, കൈകൾ നൊട്ടിനുണഞ്ഞു പാദസരം കിലുക്കി  അച്ചായന്റെ വീടും കടന്നു അച്ചായന്റെ മകനെ കെട്ടിയ തുണിയുടുക്കാത്ത സോണിയയുടെ വീട്ടിനുള്ളിലേക്ക് കയറി.

അച്ചായന്റെ അച്ചായത്തി ചൂലും പിടിച്ചു ഇത്തിരി തിണ്ണയിൽ ഇറങ്ങി നിന്നത് പാളിപ്പോലും അച്ചായന്റെ കണ്ണേർ നിരഞ്ജനയ്ക്ക് എൽക്കാതിരിക്കാനാണ്.

സോണിയ നിരഞ്ജനയ്ക്ക് പിന്നാലെ കൂർപ്പിച്ചു നടന്നു.

ഇനി ഒരു മണിക്കൂർ, 
പിന്നെ നിരഞ്ജന കുലുക്കി കുലുക്കി നടന്നു പോകും.
പിന്നെ വരുന്നത് അച്ചായത്തി ഉറങ്ങിക്കഴിഞ്ഞ് , വന്നുകയറിയ പെണ്ണൊരുത്തി കസർത്തു കഴിഞ്ഞു നാലുകാലിൽ വന്നുകയറിയ ശേഷം പാതിരാവിലാണ്.

അച്ചായന്റെ വീട്ടിലേക്കവൾ കയറില്ല,  ഗ്രില്ലിനിടയിലൂടെ അവൾ എതിരെ വാരണാസ്സിക്കാരൻ തടിക്കാരന്റെ ഗലിയിലേക്ക് നടന്നു കയറും.

മുഴുവൻസമയവും പുകച്ചുകൊണ്ട് എഴുതി ജീവിക്കുന്ന ഒരു പത്രക്കാരൻ എന്നാണു വന്നുകയറിയ പെണ്ണൊരുതിപറഞ്ഞു കേട്ടത്.

ഒടുവിലവൾ കയറിപ്പോയൊരുനാൾ തിരിച്ചിറങ്ങുന്ന പാദസ്വരകിലുക്കം കേട്ടില്ല.

പകൽ വന്നുകയറിയ പെണ്ണൊരുത്തി കസർത്തിനൊക്കാതെ ഞെളിപിരികൊണ്ടു.
അന്ന് ആ വീട്ടിൽ ബിന്ദിപ്പൂക്കൾ മണം പരത്തിയില്ല.
അന്ന് പാത്രങ്ങൾ കുന്നുകൂടി അവിടെ കിടന്നു.അന്ന് ആ വീട്ടിൽ ഭക്ഷണം ഉണ്ടാക്കപ്പെട്ടില്ല.
വിശപ്പ് കൊണ്ട് ഞാനാദ്യമായി വന്നുകയറിയ പെണ്ണൊരുത്തിയെ തുറിച്ചു നോക്കി.

അട്ടഹസിച്ചു പൊങ്ങച്ചതിളപ്പിൽ കൊച്ചമ്മമ്മാർ കൂട്ടചർച്ച നടത്തി.

സോണിയയും , വന്നുകയറിയ പെണ്ണൊരുത്തിയും,മാത്രമല്ല രണ്ടു വെള്ളാപ്പാറ്റകൾ കൂടി വീട്ടിൽ ഭക്ഷണം വച്ചില്ലെന്നു കൊച്ചമ്മക്കൂട്ടത്തിന്റെ അസഹിഷ്ണുതയിൽ നിന്നു മനസിലാക്കി.

ബിന്ദിപ്പൂവിന്റെ മണവും വയറ്റിൽ കത്തിക്കയറിയ വിശപ്പും എന്നെ നിരാശയാക്കി എന്ന് തീർച്ചപ്പെടുത്തും മുൻപേ ഗലിക്ക് മുൻപിലെ നിരത്തിൽ ഒരു അംബാസിഡർ വന്നു നിന്നു,

ചുമന്ന പട്ടുചേലയുടുത്തു, കയ്യിൽ ഒരു ബൊക്കെയും മാലയുമായി അവളിറങ്ങി,ഒപ്പം ആ വാരണാസിക്കാരനും.

അവർ മുകളിലേക്ക് നടന്നുകയറി, അവൾ തലയിൽ ബിന്ദിപ്പൂക്കൾക്ക് പകരം മുല്ലപ്പൂ ചൂടിയിരുന്നു.,   അയാളുടെ സുഹൃത്തുക്കളെന്നു തോന്നുന്ന കുറെയധികം മനുഷ്യരും അവർക്കൊപ്പം മുകളിലേക്ക് പോയി , വന്നുകയറിയ പെണ്ണൊരുത്തി മുഖ വലിച്ചുകയറ്റി നിലത്തതാഞ്ഞു ചവിട്ടി, അച്ചായത്തി സമാധാനത്തോടെ ചിരിച്ചു, തുണിയുടുക്കാതെ വൃത്തികെട്ട കക്ഷം കാണിച്ചു നടക്കുന്ന കുളിക്കാത്ത സോണിയ ഫോണിൽ ഏതോ ഒരു സേട്ടിനെ വിളിച്ചു ജോലിക്ക് ആളെ വേണമെന്ന് പറഞ്ഞു.
മാസം 800 രൂപയിൽ കൂടുതൽ കൊടുക്കില്ല എന്നും പറഞ്ഞു.

വന്നുകയറിയ പെണ്ണൊരുത്തി ഫോണിൽ ഉടപ്പെറന്നോനെ വിളിച്ചു പയ്യക്കം പറഞ്ഞു , വീടിനുള്ളിൽ കയറി ഗ്രിൽ വലിച്ചിട്ടു ഉറഞ്ഞു തുള്ളി, ഒരുങ്ങിച്ചമഞ്ഞു വെളുത്ത കക്ഷവും വയറും കാണിക്കുന്ന തുണിയുടുത്തു ഉടപ്പിറന്നൊന്റെ കൂട്ടുകാരൻ ഡോക്ടറുടെ വണ്ടിയിൽ കയറി കസർത്തിനു പോയി.

വിശപ്പ് , വയറ്റിൽ താളം തീർത്തപ്പോൾ , എതിരെ  മുകളിൽ മുല്ലപ്പൂമാലയുടെ അറ്റത്തു ഒരൊറ്റ ബിന്ദിപ്പൂ തൂങ്ങിയാടി.

ആ ബിന്ദിപ്പൂ നിരഞ്ജനയുടെ തലയിൽ കണ്ടുപിടിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

ആ ബിന്ദിപ്പൂവിന് ഏഴു നിറങ്ങൾ..
നിരഞ്ജനയുടെ കണ്ണിലെ എന്ന പോലെ.
പിറ്റേന്നാൾ ബിന്ദിപ്പൂ വച്ച ഒരു മെലിഞ്ഞ പെണ്ണുവന്നു,ഒതുങ്ങിയ അരക്കെട്ടുള്ള ഒന്നുപെറ്റ പെണ്ണ്.

വന്നുകയറിയ പെണ്ണൊരുത്തി 800 രൂപ എണ്ണിക്കൊടുത്തു, കൃത്യമായി വരണമെന്ന് ചട്ടം കെട്ടി,
അവൾ പണിതീർത്തു, സോണിയയുടെയും, അചായന്റെയും കൊച്ചമ്മമാരുടെയും വീട്ടിൽ കയറി, ഒടുവിൽ വാരണാസിക്കാരന്റെ വീട്ടിലേക്ക് നടന്നുകയറി.
നിരഞ്ജന പാട്ടുസാരിയുടുത്തു വാതിൽ തുറന്നു കൊടുത്തത് ഊളിയിട്ടു കണ്ടു,
വന്നുകയറിയ പെണ്ണൊരുത്തി ഉറഞ്ഞുതുള്ളി,
രണ്ടുമൂന്നു ഗ്ലാസ്സുകളും പ്ളേറ്റുകളും പൊട്ടി, ഒരിടതല്ല ശബ്ദങ്ങൾ പലയിടങ്ങളിലും കേട്ടു.
അപ്പോളും ആ ബിന്ദിപ്പൂ തൂങ്ങിയാടി..

©️സൂര്യ
23/09/2020
©️

കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം.

കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം.

ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ഭരണകൂടം.
എന്താണ് കാർഷിക ബിൽ??

മോഡി CAA NRC നിയമം കൊണ്ടുവന്നു., ന്യൂനപക്ഷ മുസ്ലിം. ജനതയെ താമസിപ്പിക്കുവാൻ ജയിലറകൾ വരെ ഒരുക്കി. കോവിഡ് മഹാമാരി പുടിമുറുക്കിയതിനാൽ അതിന്റെ മുതലെടുപ്പ് ഇതുവരെ നടത്താൻ കഴിഞ്ഞില്ല.

ഒന്നൊതുങ്ങി എന്നു സമാധാനച്ചപ്പോൾ ദാ കർഷകവിരുദ്ധ ബില്ലുമായിഏത്തിയിരിക്കുന്നു നരേന്ദ്ര മോഡി സർക്കാർ..

അതായത് ജന്മിത്വം തുടച്ചു നീക്കിപ്പെട്ടതിനു നമ്മുടെ പിൻഗാമികൾ സഹിച്ച യാതനകൾ എണ്ണിപ്പറയേണ്ടി വരും. മാറു മറക്കാനാവാത്ത കാലം. അടിയാനും ജന്മിയും.

അതേ അതുതന്നെയാണ് ചുരുക്കിപ്പറഞ്ഞാൽ മോദിയുടെ കാർഷിക വിരുദ്ധ ബില്ല്.

80 കോടി ജനങ്ങൾ കൃഷി ചെയ്തു ചെയ്തു ജീവിക്കുന്ന നാടാണ് ഇന്ത്യാമഹാരാജ്യം.

വിപണനത്തിലൂടെ അല്ലലില്ലാതെ ജീവിച്ചു പോകുന്ന മണ്ണിൽ പണിയെടുക്കുന്ന കർഷകർ. അവരിൽ ചിലർക്ക് വഴിക്കാനറിയില്ല പക്ഷെ മണ്ണിൽ വിത്തെറിഞ്ഞു പൊന്നുകൊയ്യാനവർക്ക്  അറിയാം.

താങ്ങുവിലയിൽ ദൃഷ്ടിയർപ്പിച്ചു അവർ കൃഷി ചെയ്യുന്നു.

മോഡി സർക്കാർ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇനി താങ്ങുവില ഉണ്ടാകുകയില്ല എന്നു ഒന്നാം ബില്ലിൽ പ്രസ്താവിച്ചു.
അതായത് എത്ര വിലയ്ക്ക് വേണമെങ്കിലും ഉൽപ്പന്നങ്ങൾ ആർക്ക് വേണമെങ്കിലും സർക്കാർ അതിൽ ഇടപെടുകയില്ല.
ചെറുകിട മാർക്കറ്റുകൾ ഇനി കർഷകരിൽ നിന്നും വസ്തുക്കൾ വാങ്ങുകയില്ല. അത് കോർപ്പറെറ്റുകൾ വഴി നടത്തുക.

ഗുണം:പ്രൈവറ്റ് കുത്തക സ്ഥാപനങ്ങൾക്ക് എത്ര വിൽകുറച്ചും മറ്റൊരു മാർക്കറ്റ് ലഭ്യമല്ലാത്തതിനാൽ കർഷകരിൽ നിന്നും വാങ്ങാം.കർഷകരെ ചൂഷണം ചെയ്യാം.

ദോഷം:കർഷകന് കോർപ്പറേറ്റുകൾ പറയുന്ന വിലയ്ക്ക് വിക്കുക എന്ന ഒറ്റമാർഗ്ഗം സ്വീകരിക്കേണ്ടി വരും.minimum സപ്പോർട്ട് price നും താഴെ വില പറഞ്ഞാലും കർഷകർക്ക് വിൽക്കാതെ മാർഗ്ഗമുണ്ടാവുകയില്ല . നിയമം ഇതായത് കൊണ്ട് ചോദ്യം ചെയ്യുവാൻ യാതൊരു authority യും ഉണ്ടാവുകയില്ല.

രണ്ടാമത്തേതിൽ ആർക്ക് വേണമെങ്കിലും ഇനി എത്ര ഉത്പന്നങ്ങളും വാങ്ങി പൂഴ്ത്തി വയ്ക്കാം. എന്ന നിലയിലേക്ക് കാര്യങ്ങൾ മാറ്റുന്ന വിധം അവശ്യ സാധനനിയന്ത്രണ നിയമം റദ്ദ് ചെയ്തിരിക്കുന്നു.

ഗുണം; കോർപ്പറേറ്റുകൾ കുറഞ്ഞ വിലയ്ക്ക് എത്ര വേണമെങ്കിലും സാധനങ്ങൾ വാങ്ങി സൂക്ഷിക്കാം.

ദോഷം:ഇരട്ടിവിലയ്ക്ക് അവർക്ക് അത് വിൽക്കാം. സാധാരണക്കാരന് ഇരട്ടി വില നൽകി ഉൽപ്പന്നങ്ങൾ വാങ്ങേണ്ടി വരും. അതിന്റെ ഗുണഭോക്താവ് കോർപ്പറേറ്റ് കമ്പനികളായി മാറും.കരിഞ്ചന്തയും പട്ടിനിയും വിലക്കയറ്റവും ഉണ്ടാകും.

മൂന്നാമതായി കർഷകർ കോർപ്പറേറ്റുകളുടെ കരാർ ജോലിക്കാരായി മാറുക എന്ന contract farming വരുന്നതോട് കൂടി കർഷകർ കോർപറേറ്റുകളുടെ കരാർ ജോലിക്കാരായി അവർ നിസ്ച്ചയിക്കുന്ന പണി ചെയ്യുന്നവരായി മാറും.

സംസ്ഥാന സർക്കാരുകൾ ധാന്യങ്ങൾ താങ്ങുവില നൽകി ശേഖരിക്കാത്ത പക്ഷം റേഷൻ സംവിധാനങ്ങൾ നിർത്തലാക്കപ്പെടും.രാജ്യം പട്ടിണിയാൽ ദുരിതമനുഭവിക്കും.
കോവിഡിനൊപ്പവും ശേഷവും പട്ടിണിമരണങ്ങൾ കൂടും.,

കർഷകർക്ക് വേണ്ടി പിറന്നാൾ സമ്മാനം നൽകിയ മോഡി ജി യുടെ ബുദ്ധിയെ പ്രശംസിക്കും മുൻപ് ഇനിയെങ്കിലും വിവിപാറ്റിന്റെ തകരാർ പരിശോധിക്കപ്പെട്ടില്ല എങ്കിൽ ഇന്ത്യ ബാക്കിയുണ്ടാവുകയില്ല ഒരുപക്ഷേ പാര്ലമെന്റോ മറ്റൊരു ഇലക്ഷനോ നമ്മൾ മനുഷ്യരോ തന്നെയും ഉണ്ടാവുകയില്ല.

പ്രിയപ്പെട്ടവരെ ശബ്ദമുയരുക തന്നെ വേണം
കോർപ്പറേറ്റുകളുടെ ചൂഷണങ്ങൾക്ക് മണ്ണിൽ പൊന്നു വിളയിക്കുന്ന നമ്മുടെ കർഷകരെ വിട്ടുകൊടുക്കാതെയിരിക്കുക.

ഇത് നമുക്കുവേണ്ടി നമ്മളുയർത്തുന്ന ശബ്ദമായി മാറട്ടെ

സൂര്യ
24/09/2020

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...