Thursday, October 19, 2017

ഭുവാ കി മീട്ടു



ചിലതിങ്ങനെയാണ് വർഷങ്ങൾക്കിപ്പുറവും ഓർമ്മിപ്പിക്കും ,മൂന്നുപേരും വളർന്നിട്ടുണ്ടാകും ,
ഞാൻ മീട്ടു  എന്ന് വിളിക്കുന്ന മീട്ടി , വാരാണസിക്കാരായ നിഷാഭാഭിയുടെയും ഭയ്യയുടെയും ചട്ടമ്പിയായ മകൾ , ഭുവാ എന്നാണ് അവൾ എന്നെ വിളിച്ചുതുടങ്ങിയത് ,വന്നു പാർത്തവരാണവർ ,

അല്ലെങ്കിലും ഡൽഹി എപ്പോളും അങ്ങനെയല്ലേ ഇന്ത്യയുടെ ഓരോ സ്പന്ദനവും അറിയുന്ന ഭൂമി,സ്വപ്നങ്ങളുമായി കുടിയേറിപ്പാർത്ത ഒരുപാട് പേർ ,സ്വന്തവും ബന്ധവും ഉപേക്ഷിച്ചു പ്രണയത്തിനായി കുടിയേറിപ്പാർത്തവർ അധികവും ,ചേട്ടൻ അവിടെ സ്ഥിരതാമസം ആക്കിയിട്ടു ഏതാണ്ട് 36 കൊല്ലത്തിലേറെ ആയിട്ടുണ്ട് ,ഓരോ വർണ്ണങ്ങളും ഋതുക്കളും മാറുന്നുണ്ട് ,,ചേട്ടന്റെ രൂപവും ഭാവവും ഏതാണ്ടൊരു നോർത്തിന്ത്യക്കാരന്റേതായി മാറിയിട്ടുണ്ട് ,,

മുൻപോട്ടു കുറച്ചു നടക്കുമ്പോൾ ചേട്ടന്റെ വീട്ടിൽ നിന്നെതാണ്ട്  നാലാമത്തെ ഫ്ലാറ്റിൽ  തമിഴ്നാട്ടിൽ നിന്ന് കുടിയേറിപ്പാർത്തവരാണ് , നീണ്ടു മെലിഞ്ഞ മുഖമുള്ള ഒരാളാണ് അവിടുത്തെ ഉടമസ്ഥൻ , അതിരാവിലെ വികാസ്പുരി ഉണരും മുൻപേ അവർ എണീക്കാറുണ്ട് , രാവിലത്തെ ആലസ്യങ്ങളിൽ ചിലപ്പോളൊക്കെ തിരിഞ്ഞും മറിഞ്ഞും ഉറക്കത്തിനായി പണിപ്പെടുമ്പോൾ കേൾക്കാറുണ്ട് , മുടിയിലെപ്പോളും  മുല്ലപ്പൂ ചൂടിയ ഒതുങ്ങിയ അരക്കെട്ടുള്ള സ്ഥിരം തമിഴ്  സ്ത്രീകളിൽ നിന്ന് വ്യത്യസ്തയായ മുഖശ്രീയുള്ള വെളുത്ത ചുമന്ന ചുണ്ടുകളുള്ള  അയാളുടെ ഭാര്യ ആ ചെറിയ ഇടുങ്ങിയ മിറ്റം എന്ന് വിളിക്കാൻ കഴിയാത്ത  ആ നടവഴി  വെള്ളമൊഴിച്ചു കഴുകുന്ന ശബ്ദം ..,,

ഒരിക്കൽ ഉറക്കച്ചടവിൽ ഈ ശബ്ദങ്ങൾക്കപ്പുറം എന്തെന്നറിയാൻ ഒരിക്കൽ   ഗൂഗിളും ചീനുവും  പുറത്തെക്കോടാത്ത വിധം ഗ്രിൽ  ചെറുതായി തുറന്നു നനുത്ത മഞ്ഞുള്ള വെട്ടം വീണു തുടങ്ങിയ ആ ഇടനാഴിയിലേക്ക് നോക്കിയപ്പോളാണ് ഈ ശബ്ദങ്ങൾക്കപ്പുറം കുളിച്ചു കുറിതൊട്ട് അവർ ഒരു പാരമ്പര്യത്തെ അരിപ്പൊടിയിൽ കോരിയിടുകയാണെന്നു അറിഞ്ഞത് ,,

മറക്കാനാവില്ലല്ലോ  ഒരു മനുഷ്യനും അവന്റെ ജന്മനാടിനെ ,

അയാൾ  സ്ഥിരമായി രാവിലെ എവിടേയ്ക്കോപോകും ,മകൾ മെട്രോയിൽ ജോലി ചെയ്യുന്ന ഇരുനിറമുള്ള നീളന്മുടി പിന്നിയിട്ട സുന്ദരി ,അവളൊരിക്കലും ഒരു തമിഴത്തി എന്നതിലപ്പുറം മറ്റൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല .,

അവരുടെ വീടിനപ്പുറം നീണ്ട താടിയുള്ള സർദാർ ജിയുടെ കുടുംബം, അവിടുത്തെ വായിനോക്കിയായ മെലിഞ്ഞ ചെക്കൻ പതിവില്ലാത്തൊരാളായ എന്നെ കാണുന്നത് പുറത്തു പാർക്കിൽ ഡ്രസ്സ് ഉണങ്ങാൻ ഇടാൻ പോകുമ്പോളാണ് ..,അതിനു ശേഷം അവൻ മൂന്നു തവണ ചേട്ടനെ അന്വേഷിച്ചു വന്നിരുന്നു വീട്ടിൽ അപ്പോളൊക്കെയും ഇല്ല എന്ന മറുപടിയുമായി ഞാൻ ചിരിച്ചു വാതിലടച്ചു ,, ഒടുവിൽ ചേട്ടത്തിയുടെ ചേട്ടത്തിക്കണ്ണിൽ അവൻ പെട്ടപ്പോൾ കാര്യം കഴിഞ്ഞു ,,
കാണാൻ കൊല്ലുന്നതുകൊണ്ടല്ല ഇതാരാണെന്നറിയാനുള്ള വെമ്പൽ കൊണ്ടെന്നു എനിക്കുറപ്പുണ്ടായിരുന്നു ,,,

ഗോലുവും ബാനിയും മലയാളി അച്ചായന്റെ മകൻ ജോർജ് സോണിയ ദമ്പതികളുടെ  മക്കളാണ് .സോണിയ  എന്ന ഇളക്കക്കാരിപെണ്ണിനെ എന്തോ എനിക്ക് ദേഷ്യമാണ് ,ചേട്ടനറിയാതെ ചേട്ടത്തിയുടെ വിരട്ടൽ യത്നങ്ങളിൽ മുഖ്യപങ്ക്  അവൾക്കാണ് , തടിച്ച ഗുജറാത്തിപ്പെണ്ണ് ,അടക്കം തീരെയില്ലാത്തവൾ ,അച്ചായന്റെ വഴിവിട്ട ജീവിതത്തിലും ആന്റി പല ജോലിയും ചെയ്തു വളർത്തിയ ജോർജിനെ കണ്ണും കയ്യും കാണിച്ചു മയക്കിയവൾ ,ഇതൊക്കെയാണ് ഒറ്റവാക്കിൽ അച്ചായതി ആന്റിയുടെ സോണിയയെക്കുറിച്ചുള്ള കാഴ്ചപ്പാട് ,എന്റെ വക്കിൽ പറഞ്ഞാൽ തീരെ ആത്മാർഥത ഇല്ലാത്ത മഹാ അഹങ്കാരി ,

എന്തുതന്നെയായാലും ഓരോ വീടിനും കഥപറയാനുണ്ടാകും ഓരോ പറിച്ചുനടലുകളുടെ  ..,,നിഷാഭാഭി  എപ്പോളും എന്നെ സ്നേഹത്തോടെയേ നോക്കിയിട്ടുള്ളു ,ഭുവാ എന്ന് വിളിച്ചു മീട്ടു  എന്റെ നെഞ്ചിന്റെ ചൂടിൽ കുറെ ഇരുന്നിട്ടുണ്ട് ,

ചേട്ടൻ ജോലിക്കിറങ്ങുമ്പോൾ രൺജീത് അങ്കിൾ എന്ന് വിളിച്ചുള്ള അവളുടെ കൊഞ്ചലുകളിൽ ചേട്ടത്തി ഒട്ടും സാന്തോഷവതിയായിരുന്നില്ല ..
വീർത്ത മുഖവുമായി ചേട്ടത്തി വീണ്ടും ബെഡിൽ ചീനുവിനൊപ്പം ചുരുണ്ടുകൂടുമ്പോൾ വെറുതെ ചുണ്ടിൽ ഒരു ചിരിയുമായി ഞാനിതൊക്കെ ഒരുതരം നിസ്സംഗതയോടെ കണ്ടിട്ടുണ്ട് ..ഒരുപക്ഷെ ഡൽഹിയുടെ മുഖങ്ങളിൽ ഏറ്റവും നിഷ്കളങ്കമായി തോന്നിയത് എനിക്ക് മീട്ടുവിനെയാണ് ,

ഒരുപക്ഷെ ആരും വിളിക്കാനില്ലാതെ സ്നേഹിക്കാനില്ലാതെ അമ്മയും അച്ഛനും എന്ന ലോകത്തിനിപ്പുറം അവൾ രഞ്ജിത് അങ്കിളിനെയും ദീപാ ആന്റിയെയും ഒരുപാട് സ്നേഹിച്ചു ,

ഇപ്പുറം കളിക്കാനും വഴക്കുപറയാനും ചേർത്ത് നിർത്താനും ഉമ്മവയ്ക്കാനും ഞാൻ ഉണ്ടായപ്പോൾ അവൾ സ്വയം എന്നെ ഭുവാ എന്ന് വിളിച്ചു..
 തിരിച്ചു വരുന്ന നാൾ മീറ്റുവിനിഷ്ടമുള്ളതൊക്കെയായ് വരാമെന്നു പറഞ്ഞു ഞാൻ ഇറങ്ങുമ്പോൾ അവൾ കരയുന്നുണ്ടായിരുന്നു ,,

ഇപ്പോൾ നീ വളർന്നിട്ടുണ്ടാകും കുഞ്ഞേ,

നിന്റെ പക്വതയെത്താത്ത ഉറച്ചുതുടങ്ങിയിട്ടില്ലാത്ത മനസ്സിൽ എവിടെയെങ്കിലും എന്റെ നെഞ്ചിലെ ചൂട് ഉറവ വറ്റാതെ അവശേഷിക്കുന്നുണ്ടാകുമോ?

അന്നെനിക്കറിയില്ലായിരുന്നു ഞാൻ തിരിച്ചു വരുമോ ഒരിക്കലെങ്കിലുമെന്ന് , ഇന്നെനിക്കറിയാം ഞാൻ വരും എപ്പോൾവേണമെങ്കിലും ,
തീർച്ചയായും ഞാൻ വരും നിന്നെക്കാണാനായ് മാത്രം


No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...