Sunday, May 24, 2020

നമ്മുടെ മക്കൾ ഉത്രയാണോ??

കുടുംബമോ മാതാപിതാക്കളോ അല്ല,പെണ്കുട്ടികൾ തന്നെയാണ് സ്വന്തം ജീവിതം തിരഞ്ഞെടുക്കേണ്ടത്.
ശരി എന്ന് തോന്നുന്നത് മാത്രം തിരഞ്ഞെടുക്കുന്നതിലൂടെ അവൾ നേടുന്നത് ജീവിത അവസാനം വരെയുള്ള സന്തോഷമാണ്..പണമല്ല എന്റെ അളവ് കോൽ എന്ന് നമ്മുടെ പെണ്കുട്ടികൾ മന്സിലാക്കുന്നിടത്തു പുതുയുഗം ഉയർത്തപ്പെടും.
ഇതു ഇന്നത്തേക്ക് മാത്രമുള്ള ഫേസ്ബുക്ക് കോലാഹലമാണ്..,
നാളെ അല്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ നമ്മുടെ സഹോദരങ്ങൾ ഇത് മറക്കും ഫേസ്ബുക്കിലും ടിക്റ്റോക്കിലും നാളെ കഴുത്തു നിറയെ പൊന്നിട്ട സഹോദരിയുടെയോ തന്റേതന്നെയോ മകളുടെയോ ചിത്രം പങ്കുവച്ചു ആത്മസംതൃപ്തിയണയും നമ്മൾ.,

ടിക്റ്റകുകളിലെയും മറ്റും പൊന്നിൽ കുളിച്ച പെണ്ണിന്റെ ചിത്രം കണ്ട് കഴുത്തിലോ കാതിലോ ഒരുതരി പൊന്നിലാത്ത ഇനിയും വിവാഹം നടന്നിട്ടില്ലാത്ത ഒരുപാടേറെ പെണ്കുട്ടികൾ ദീർഘനിശ്വാസം വിടും.
വെറുതെ കണ്ണു തുടയ്ക്കും.

ഉള്ളിന്റെ ഉള്ളിൽ എന്തിനാണ് രണ്ടു പേർ ഒന്നിച്ചു ജീവിക്കുന്നതിന് കണ്ണിൽക്കണ്ട ഓഡിറ്റോറിയം കാർക്ക് പണം കൊടുക്കുന്നത്??
എന്തിനാണ് നാട്ടുകാരെ ഭക്ഷണം കഴിച്ചു കൈകഴുകും മുൻപ് കുറ്റം പറയാൻ ക്ഷണിക്കുന്നത്??
എന്തിനാണ് ഇത്തരം ആചാരങ്ങൾ..??
സമൂഹം അങ്ങനെയാണ് എന്ന മാതാപിതാക്കളുടെ ഉത്തരം അതാണ് ഇന്നത്തെ ഈ സാഹചര്യം ഒരുക്കിയത്.

ആ പെണ്കുട്ടിയെ അയാൾക്ക് ആവശ്യമില്ലായിരുന്നു .,പക്ഷെ സമൂഹം.. അവർ വിളിച്ച വിവാഹത്തിന് വന്നു സത്കാരം കഴിച്ചു ചിരിച്ചു വർത്തമാനം പറഞ്ഞ സമൂഹം.

കൂടുതലും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ മുടങ്ങുമ്പോളും വിവാഹ മോചനങ്ങൾ നടക്കുമ്പോളും സമൂഹത്തിന്റെ സദാചാര  ബോധം വല്ലാതെ ഉണരും.അതൊടുവിൽ ആ പെണ്കുട്ടിയുടെ ആത്മഹത്യയിലോ കുടുംബത്തിന്റെ തകർച്ചയിലോ അവസാനിക്കും.
അപ്പോൾ ഞാൻ പറഞ്ഞു വന്നത്,ഒരു പെണ്കുട്ടിയോ അവളുടെ കുടുംബമോ ഒരു ആണ്കുട്ടിയോ അവന്റെ കുടുംബമോ ജീവിതത്തിൽ ഉറച്ച തീരുമാനങ്ങൾ എടുക്കുവാൻ ഭയക്കുന്നതും തെറ്റായ ചിന്തകളിലൂടെ കടന്നു പോകുന്നതും നമ്മുടെ സമൂഹത്തിന്റെ ഒളിഞ്ഞു നോട്ടം കാരണമാണ്.

അയാൾ പലതരത്തിൽ ആ പെണ്കുട്ടിയെ ഒഴിവാക്കുവാൻ നോക്കിയിട്ടുണ്ടാകണം. അന്വേഷിച്ചാൽ ഉറപ്പായും അയാൾക്ക് മറ്റു പല ബന്ധങ്ങളും ഉണ്ടാകുകയും ചെയ്യും.
സ്വന്തം ജീവിതത്തിൽ ആവശ്യമില്ലാത്ത ഒരാളെ പണത്തിനു വേണ്ടി സ്വീകരിക്കുന്ന സാഹചര്യത്തിലേക്ക് ആണ്കുട്ടികളുടെ ചിന്താഗതി കൊണ്ടുവരാതെ ഇരിക്കുവാൻ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്‌.മറ്റൊരിടത്തു നിന്നു വരുന്ന പെണ്കുട്ടിയെ മനസ്സ് കൊണ്ട് അംഗീകരിക്കുവാനും,മകൻ തെറ്റു ചെയ്താൽ ചൂണ്ടിക്കാട്ടുവാനും മാതാപിതാക്കൾ തയ്യാറാകണം...

മരുമകൻ കളഞ്ഞിട്ടു പോകുമോ. എന്നു ഭയന്ന് അവർക്ക് മുൻപിൽ ഒരു കാരണവശാലും പോയി തലകുനിച്ചു നിൽക്കുവാതിരിക്കുവാൻ പെണ്കുട്ടികൾ തന്നെയാണ് കുടുംബത്തിന് ആത്മവിശ്വാസം നല്കേണ്ടതും.

ചില പ്രായങ്ങളിൽ അത്തരം ഒരു തീരുമാനം പെണ്കുട്ടികൾക്ക് എടുക്കുവാൻ കഴിയാറില്ല എന്നത് വളരെ വലിയ ഒരു സത്യവുമാണ്..

വിവാഹം ഒരു ചടങ്ങു മാത്രമാണ്.
ജീവിക്കേണ്ടത് രണ്ടു മനസ്സുകളും.
സ്നേഹത്തോടെ സമാധാനത്തോടെ പരസ്പരം താങ്ങായി മാതാപിതാക്കൾ കെട്ടിച്ചുവിടാൻ പെട്ട പാടിന്റെ പേരിൽ വേദനിക്കുന്നില്ല എന്ന ഉറപ്പിൽ കിട്ടുന്ന സമാധാനത്തോടെയുള്ള ജീവിതം.. അതാണ് നമ്മുടെ പെണ്കുട്ടികൾ ആഗ്രഹിക്കേണ്ടത്..

മാതാപിതാക്കൾക്ക് മക്കളെ സ്വയം പര്യാപ്ത്തരാക്കുവാൻ സഹായിക്കാം.
.അച്ഛന്മാർ മക്കൾക്ക് നൽകേണ്ടത് വിദ്യാഭാസം ആണ്,നാളെ ഒരുകാലത്ത് അച്ഛനില്ലങ്കിലും അമ്മയെ ബന്ധുക്കൾക്ക് മുൻപിൽ കൈനീട്ടി മകളെ വിവാഹം കഴിപ്പിച്ചയ്ക്കേണ്ടുന്ന വലിയ ബാധ്യതയിലേക്ക് തള്ളി വിടാതിരിപ്പിക്കുവാൻ,അല്ലെങ്കിൽ ജീവിച്ചിരുന്നെങ്കിൽ അച്ഛനെ തന്നെയും വിവാഹത്തിനായി വേദനിപ്പിക്കുവാൻ വിടാതെ ഇരിക്കുവാൻ പെണ്മക്കകളെ പര്യാപ്തരാക്കേണം..
എന്താടി എന്ന് ചോദിച്ചാൽ ഏതാടാ എന്ന് ചോദിക്കാൻ പെണ്മക്കൾ പര്യാപ്തരാകേണം

അത്തരത്തിൽ ഉപദേശം തന്നു വളർത്തിയ ഒരച്ഛന്റെ മകളാണ് ഞാൻ.പലപ്പോഴും തനിച്ചു  പലതിനെയും അഭിമുഖീകരിക്കേണ്ടി വന്ന ഒരാൾ.പക്ഷെ ഞാൻ ഒരു ഫെമിസ്‌നിസ്റ് അല്ല.
നേരെ നിന്നു പറയേണ്ടിടത്തു പറയേണ്ട കാര്യങ്ങൾ പറയേണ്ടതുപോലെ പറയുന്ന പെണ്ണിന് നേരെ കൈകൾ ചൂണ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്നും ചിലപ്പോൾ നാം വെറുതെ ഇരുന്നാലോചിക്കേണം.
ജപ്തി കണ്മുന്നിൽ നിൽക്കുമ്പോൾ അയ്യോ അതൊരു പെണ്കുട്ടിയാണ് അവളെ ഇറക്കിവിട്ടുകൂടാ അവളുടെ സ്ഥലത്തെ ജപ്തി ചെയ്തുകൂടാ എന്നു ഒരു സാമൂഹിക സിസ്റ്റവും പറയുന്നില്ല എങ്കിൽ പെണ്കുട്ടികളെ, അവളെ കൊന്നുകളയുവാനും അടിച്ചമർത്തുവാനും ശ്രമിക്കുന്നവരെ നിങ്ങൾ അറിയുക.,നിങ്ങളെപ്പോലെ അവരും ഭൂമിയുടെ അവകാശികളാണ്..അവളുടെ നിസ്സഹായതകളെ നിങ്ങൾ ചോദ്യം ചെയ്യുമ്പോൾ അവൾ നിസ്സഹായായയി നിൽക്കാതെ നീ ആരാടാ എന്നു ചോദിക്കുവാൻ ധൈര്യപ്പെടുന്നെങ്കിൽ ഒന്നോർക്കുക അവൾ ഒരു നല്ല അച്ഛന്റെ മകൾ ആയിരിക്കും..
ആ അച്ഛൻ അവളെ സ്വയം പര്യാപ്‌ത ആക്കിയിട്ടുണ്ടാകും..പക്ഷെ അവളും നിങ്ങളുടെ മക്കളെപ്പോലെ ഒരച്ഛന്റെ രാജകുമാരി ആയിരുന്നു എന്ന് അംഗീകരിക്കാത്ത സമൂഹത്തെ അവൾ തന്നെയാണ് ഉപേക്ഷിക്കേണ്ടത്.
തെറ്റായ ബന്ധമുള്ളവനാണ് എന്നു കണ്ടാൽ ഉറപ്പിച്ച വിവാഹത്തെ വേണ്ട എന്നു വയ്ക്കുവാൻ പെണ്ണിന് തന്റേടമുണ്ടായാൽ
 തീരുന്ന വിഷയങ്ങൾ..
അന്യാസ്ത്രീയുമായി ബന്ധമുള്ള ഭർത്താവിനെ വേണ്ട എന്നു വയ്ക്കുവാൻ പെണ്ണ് ധൈര്യപ്പെടുന്നിടത് കുടുംബം ഒപ്പം നിന്നാൽ തീരാവുന്ന പ്രശനങ്ങൾ മാത്രമേയുള്ളൂ.

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ ചെറുക്കന്റെ അവിഹിതം ചൂണ്ടിക്കാട്ടുന്ന പെണ്കുട്ടിയോട് നീ ഒരു പെണ്ണാണ് സഹിക്കേണം അവൻ നിന്നെ കെട്ടിയിട്ടില്ല്ലോ അപ്പോൾ നീ അന്വേഷിക്കേണ്ട ഇനി കെട്ടികകഴിഞ്ഞാലും നീ ഉറങ്ങാൻ നേരം അവൻ നിന്റെ അടുത്തുണ്ടോ എന്നു നോക്കിയാൽ മതി എന്നു പെണ്മക്കളെ പറഞ്ഞു സമാധാനിപ്പിക്കുവാൻ ഒരിക്കലും മാതാപിതാക്കൾ ശ്രമിക്കാതെ ഇരിക്കുക.

ഭർത്താവിന്റെ സ്നേഹമില്ലായ്‌മയെയും അവിഹിതത്തെയും കുറിച്ചു വ്യാകുലപ്പെടുന്ന മക്കളോട് നീ സഹിക്കണം എന്നു ഒരു മാതാപിതാക്കളും പറയാതെ ഇരിക്കുക.
അവളിൽ സ്നേഹം നഷ്ടമായ പുരുഷന് അവളെ എങ്ങനെ സംരക്ഷിക്കുവാൻ സാധിക്കും എന്ന് മാത്രം ചിന്തിക്കുക.

പെണ്മക്കൾ നമ്മുടേതാണ്.അവർ എന്നും നമ്മുടെ രാജകുമാരിയാണ്.. അത് നമ്മളായിമറന്നു പോകാതെ ഇരിക്കുക.

ആരു വേണ്ട എന്നു വച്ചാലും സ്വയം സ്‌നേഹിക്കുവാൻ മക്കളെ പഠിപ്പിക്കുക. 
കഴിഞ്ഞ ദിവസം എനിക്ക് അറിയുന്ന ഒരു സ്ത്രീ അവരുടെ മകൾ സ്വന്തം ജീവിതം തിരഞ്ഞെടുത്തു സന്തോഷമായി ജീവിക്കുകയാണ്..,
എന്നോട് അൽപം വിരോധം ഉള്ളിലുള്ള ആളാണ് വ്യക്തി.ഒരുപാട് കാലത്തിനു ശേഷം ഉണ്ടായ ഒരു സംസാരത്തിനൊടുവിൽ സ്നേഹത്തോടെ ഞാൻ ആ സംസാരം പര്യവസാനിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ..,വെറുതെ എനിക്ക് നോവുമായിരിക്കുമെന്നു കരുതി ആ സ്ത്രീ പറഞ്ഞ ഒരു വാക്ക് എന്ന് ചിരിപ്പിച്ചു.
സത്യത്തിൽ ആ കുട്ടിയുടെ ജീവിതം സന്തോഷമായിരിക്കുന്നതിൽ ആത്മാർത്ഥമായി സന്തോഷമുള്ള  എന്നോട് ഞങ്ങൾ അവൾക്ക് 10 ലക്ഷം കൊടുക്കുന്നുണ്ട് എന്ന് ആ സ്ത്രീ പറഞ്ഞു..
ചിരിച്ചു കൊണ്ടതിനെ സ്വീകരിക്കുമ്പോളും..എന്റെ മനസ്സിൽ അവളെ വിവാഹം ആ വ്യക്തി അത് സ്വീകരിക്കുമോ അല്ല ഇപ്പോൾ അവളെ വിളിച്ചു കൊണ്ടുപോയി വിവാഹം കഴിച്ച അയാൾക്ക് എന്തിനാണ് പണം എന്നൊക്കെ ഞാൻ ചിന്തിച്ചു.

വെറുതെ അവരെ ഓർത്തു ഞാൻ ചിരിച്ചു.
അപ്പോളും പണം,സ്ത്രീധനം ഒക്കെ വില്ലനായി നിന്നു ഇനിയും വിവാഹം കഴിഞ്ഞിട്ടില്ലാത്ത ആരൊക്കെയോ എൻറെ മനസ്സിനോട് പറയുന്നുണ്ടായിരുന്നു..
മാറേണ്ടത് സമൂഹമാണ് എന്ന്.

 ഒരു ദിവസത്തേക്ക് മാത്രമുള്ള സാമൂഹിക വികാരമാണ്.. തെറ്റിദ്ധരിക്കരുത്..നമ്മൾ രണ്ടു ദിവസം കഴിഞ്ഞാൽ 1 വയസ്സുള്ള മകളുടെ വിവാഹത്തിന് നൽകേണ്ട 101 പവനുവേണ്ടി മുണ്ടുമുറുക്കിയിടുത്തു സമ്പാദിച്ചു തുടങ്ങും..
അതിലൊന്നും നമ്മളെ തിരുത്തേണ്ട..

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...