Thursday, October 26, 2017

എന്റെ ഒരു ദിവസം

ചിലയിടങ്ങളിൽ ഓർമ്മിക്കപ്പെടുക എന്നത് നാം ജീവിച്ചിരിക്കുന്നുവോ ഇല്ലയോ എന്നതിനുള്ള വ്യക്തമായ തെളിവാണ് ,, അതിഭാവുകത്വങ്ങളിൽ നീണ്ട ഇടനാഴിയുള്ള വലിയ അടുക്കളയുള്ള വീട്ടിൽ ഒരു ചെറിയ പാത്രത്തിൽ ഒരാൾക്ക് മാത്രമുള്ള അരി വേവിക്കപ്പെടുക എന്നതും നാം ഓര്മിക്കപ്പെടുന്നില്ല എന്നതിനുള്ള തെളിവാണ് ..

അന്ധകാരത്തിനെ  പ്രാപിക്കേണ്ടി വരുന്നവന്റെ തിരിച്ചറിവുകളിൽ നിരാശ  അന്തസത്തയില്ലാതെ മരിച്ചൊടുങ്ങുമ്പോൾ പ്രതീക്ഷ അങ്ങ് മാറി നിന്ന് കണ്ണടയ്ക്കും .നിരാശയ്ക്കും പ്രതീക്ഷയ്‌ക്കും നടുവിൽ ആഗ്രഹം എന്ന മൂന്നക്ഷരമാവനേ ഭരിക്കും ..അവൻ ഭിക്ഷക്കാരനാകും ..അവൻ മഴയെയും മഞ്ഞിനേയും പ്രണയിക്കും ,,,

ഒരു പുൽനാമ്പിനോട് പോലും കഥ പറയും,ചിരിക്കും ഉറക്കെ,നിലവിളിക്കും അത്യുച്ചത്തിൽ ,മണ്ണിൽ കിടന്നു മഴ നനയും പൂർണ്ണമായും,,

തികച്ചും വ്യത്യസ്തമാണ് ,തനിച്ചാവലുകളിൽ സ്വർഗ്ഗം തേടുന്നവന്റെ ലോകം,

വലിയ ട്യൂബ് ലൈറ്റുകളും ഒരു ബോർഡും വലിയ രണ്ടു ടേബിളുകളും മുൻപിലൊരു ലാപ്ടോപ്പും കുറച്ചു ഫയലുകളും നിറഞ്ഞ ഈ ലോകത്തു ഈ ഒറ്റമുറി ക്യാബിനിൽ എന്നെ അടച്ചുതളച്ചിടുന്ന ഇറുകിയ അന്ധകാരമുണ്ട് ,, എന്റെ സുഗന്ധ ദ്രവ്യങ്ങളുടെയും,ഇടയ്ക്കെപ്പോളെങ്കിലും കടന്നു വരുന്ന കുട്ടികളുടെയും വിയർപ്പിന്റെയോ മറ്റെന്തൊക്കെയോ സുഗന്ധ ദ്രവ്യങ്ങളുടെയോ മണങ്ങൾ, ചില ഒച്ചപ്പാടുകൾ,ചില ഓർഡറുകൾ,ചില അനുരഞ്ചനങ്ങൾ,ഇടയ്ക്കു എന്നെ തീരെ അനുസരിക്കാതെ എന്നെ കടന്നുപോയ പ്രിയപ്പെട്ട സഹജോലിക്കാരന്റെ പ്രാക്കുകൾ , അക്ഷരങ്ങൾ എന്നിൽ വേലിയേറ്റം സൃഷ്ടിക്കുമ്പോൾ ഞാൻ എന്നിൽ എന്നെ തിരയുന്ന ചില അതിവൈകാരിക നിമിഷങ്ങൾ ,,,ഇത്രയുമൊക്കെ ചേർന്നാൽ തികച്ചും സാധാരണമായ എന്റെ ഒരു ദിവസം ..

Thursday, October 19, 2017

ഭുവാ കി മീട്ടു



ചിലതിങ്ങനെയാണ് വർഷങ്ങൾക്കിപ്പുറവും ഓർമ്മിപ്പിക്കും ,മൂന്നുപേരും വളർന്നിട്ടുണ്ടാകും ,
ഞാൻ മീട്ടു  എന്ന് വിളിക്കുന്ന മീട്ടി , വാരാണസിക്കാരായ നിഷാഭാഭിയുടെയും ഭയ്യയുടെയും ചട്ടമ്പിയായ മകൾ , ഭുവാ എന്നാണ് അവൾ എന്നെ വിളിച്ചുതുടങ്ങിയത് ,വന്നു പാർത്തവരാണവർ ,

അല്ലെങ്കിലും ഡൽഹി എപ്പോളും അങ്ങനെയല്ലേ ഇന്ത്യയുടെ ഓരോ സ്പന്ദനവും അറിയുന്ന ഭൂമി,സ്വപ്നങ്ങളുമായി കുടിയേറിപ്പാർത്ത ഒരുപാട് പേർ ,സ്വന്തവും ബന്ധവും ഉപേക്ഷിച്ചു പ്രണയത്തിനായി കുടിയേറിപ്പാർത്തവർ അധികവും ,ചേട്ടൻ അവിടെ സ്ഥിരതാമസം ആക്കിയിട്ടു ഏതാണ്ട് 36 കൊല്ലത്തിലേറെ ആയിട്ടുണ്ട് ,ഓരോ വർണ്ണങ്ങളും ഋതുക്കളും മാറുന്നുണ്ട് ,,ചേട്ടന്റെ രൂപവും ഭാവവും ഏതാണ്ടൊരു നോർത്തിന്ത്യക്കാരന്റേതായി മാറിയിട്ടുണ്ട് ,,

മുൻപോട്ടു കുറച്ചു നടക്കുമ്പോൾ ചേട്ടന്റെ വീട്ടിൽ നിന്നെതാണ്ട്  നാലാമത്തെ ഫ്ലാറ്റിൽ  തമിഴ്നാട്ടിൽ നിന്ന് കുടിയേറിപ്പാർത്തവരാണ് , നീണ്ടു മെലിഞ്ഞ മുഖമുള്ള ഒരാളാണ് അവിടുത്തെ ഉടമസ്ഥൻ , അതിരാവിലെ വികാസ്പുരി ഉണരും മുൻപേ അവർ എണീക്കാറുണ്ട് , രാവിലത്തെ ആലസ്യങ്ങളിൽ ചിലപ്പോളൊക്കെ തിരിഞ്ഞും മറിഞ്ഞും ഉറക്കത്തിനായി പണിപ്പെടുമ്പോൾ കേൾക്കാറുണ്ട് , മുടിയിലെപ്പോളും  മുല്ലപ്പൂ ചൂടിയ ഒതുങ്ങിയ അരക്കെട്ടുള്ള സ്ഥിരം തമിഴ്  സ്ത്രീകളിൽ നിന്ന് വ്യത്യസ്തയായ മുഖശ്രീയുള്ള വെളുത്ത ചുമന്ന ചുണ്ടുകളുള്ള  അയാളുടെ ഭാര്യ ആ ചെറിയ ഇടുങ്ങിയ മിറ്റം എന്ന് വിളിക്കാൻ കഴിയാത്ത  ആ നടവഴി  വെള്ളമൊഴിച്ചു കഴുകുന്ന ശബ്ദം ..,,

ഒരിക്കൽ ഉറക്കച്ചടവിൽ ഈ ശബ്ദങ്ങൾക്കപ്പുറം എന്തെന്നറിയാൻ ഒരിക്കൽ   ഗൂഗിളും ചീനുവും  പുറത്തെക്കോടാത്ത വിധം ഗ്രിൽ  ചെറുതായി തുറന്നു നനുത്ത മഞ്ഞുള്ള വെട്ടം വീണു തുടങ്ങിയ ആ ഇടനാഴിയിലേക്ക് നോക്കിയപ്പോളാണ് ഈ ശബ്ദങ്ങൾക്കപ്പുറം കുളിച്ചു കുറിതൊട്ട് അവർ ഒരു പാരമ്പര്യത്തെ അരിപ്പൊടിയിൽ കോരിയിടുകയാണെന്നു അറിഞ്ഞത് ,,

മറക്കാനാവില്ലല്ലോ  ഒരു മനുഷ്യനും അവന്റെ ജന്മനാടിനെ ,

അയാൾ  സ്ഥിരമായി രാവിലെ എവിടേയ്ക്കോപോകും ,മകൾ മെട്രോയിൽ ജോലി ചെയ്യുന്ന ഇരുനിറമുള്ള നീളന്മുടി പിന്നിയിട്ട സുന്ദരി ,അവളൊരിക്കലും ഒരു തമിഴത്തി എന്നതിലപ്പുറം മറ്റൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല .,

അവരുടെ വീടിനപ്പുറം നീണ്ട താടിയുള്ള സർദാർ ജിയുടെ കുടുംബം, അവിടുത്തെ വായിനോക്കിയായ മെലിഞ്ഞ ചെക്കൻ പതിവില്ലാത്തൊരാളായ എന്നെ കാണുന്നത് പുറത്തു പാർക്കിൽ ഡ്രസ്സ് ഉണങ്ങാൻ ഇടാൻ പോകുമ്പോളാണ് ..,അതിനു ശേഷം അവൻ മൂന്നു തവണ ചേട്ടനെ അന്വേഷിച്ചു വന്നിരുന്നു വീട്ടിൽ അപ്പോളൊക്കെയും ഇല്ല എന്ന മറുപടിയുമായി ഞാൻ ചിരിച്ചു വാതിലടച്ചു ,, ഒടുവിൽ ചേട്ടത്തിയുടെ ചേട്ടത്തിക്കണ്ണിൽ അവൻ പെട്ടപ്പോൾ കാര്യം കഴിഞ്ഞു ,,
കാണാൻ കൊല്ലുന്നതുകൊണ്ടല്ല ഇതാരാണെന്നറിയാനുള്ള വെമ്പൽ കൊണ്ടെന്നു എനിക്കുറപ്പുണ്ടായിരുന്നു ,,,

ഗോലുവും ബാനിയും മലയാളി അച്ചായന്റെ മകൻ ജോർജ് സോണിയ ദമ്പതികളുടെ  മക്കളാണ് .സോണിയ  എന്ന ഇളക്കക്കാരിപെണ്ണിനെ എന്തോ എനിക്ക് ദേഷ്യമാണ് ,ചേട്ടനറിയാതെ ചേട്ടത്തിയുടെ വിരട്ടൽ യത്നങ്ങളിൽ മുഖ്യപങ്ക്  അവൾക്കാണ് , തടിച്ച ഗുജറാത്തിപ്പെണ്ണ് ,അടക്കം തീരെയില്ലാത്തവൾ ,അച്ചായന്റെ വഴിവിട്ട ജീവിതത്തിലും ആന്റി പല ജോലിയും ചെയ്തു വളർത്തിയ ജോർജിനെ കണ്ണും കയ്യും കാണിച്ചു മയക്കിയവൾ ,ഇതൊക്കെയാണ് ഒറ്റവാക്കിൽ അച്ചായതി ആന്റിയുടെ സോണിയയെക്കുറിച്ചുള്ള കാഴ്ചപ്പാട് ,എന്റെ വക്കിൽ പറഞ്ഞാൽ തീരെ ആത്മാർഥത ഇല്ലാത്ത മഹാ അഹങ്കാരി ,

എന്തുതന്നെയായാലും ഓരോ വീടിനും കഥപറയാനുണ്ടാകും ഓരോ പറിച്ചുനടലുകളുടെ  ..,,നിഷാഭാഭി  എപ്പോളും എന്നെ സ്നേഹത്തോടെയേ നോക്കിയിട്ടുള്ളു ,ഭുവാ എന്ന് വിളിച്ചു മീട്ടു  എന്റെ നെഞ്ചിന്റെ ചൂടിൽ കുറെ ഇരുന്നിട്ടുണ്ട് ,

ചേട്ടൻ ജോലിക്കിറങ്ങുമ്പോൾ രൺജീത് അങ്കിൾ എന്ന് വിളിച്ചുള്ള അവളുടെ കൊഞ്ചലുകളിൽ ചേട്ടത്തി ഒട്ടും സാന്തോഷവതിയായിരുന്നില്ല ..
വീർത്ത മുഖവുമായി ചേട്ടത്തി വീണ്ടും ബെഡിൽ ചീനുവിനൊപ്പം ചുരുണ്ടുകൂടുമ്പോൾ വെറുതെ ചുണ്ടിൽ ഒരു ചിരിയുമായി ഞാനിതൊക്കെ ഒരുതരം നിസ്സംഗതയോടെ കണ്ടിട്ടുണ്ട് ..ഒരുപക്ഷെ ഡൽഹിയുടെ മുഖങ്ങളിൽ ഏറ്റവും നിഷ്കളങ്കമായി തോന്നിയത് എനിക്ക് മീട്ടുവിനെയാണ് ,

ഒരുപക്ഷെ ആരും വിളിക്കാനില്ലാതെ സ്നേഹിക്കാനില്ലാതെ അമ്മയും അച്ഛനും എന്ന ലോകത്തിനിപ്പുറം അവൾ രഞ്ജിത് അങ്കിളിനെയും ദീപാ ആന്റിയെയും ഒരുപാട് സ്നേഹിച്ചു ,

ഇപ്പുറം കളിക്കാനും വഴക്കുപറയാനും ചേർത്ത് നിർത്താനും ഉമ്മവയ്ക്കാനും ഞാൻ ഉണ്ടായപ്പോൾ അവൾ സ്വയം എന്നെ ഭുവാ എന്ന് വിളിച്ചു..
 തിരിച്ചു വരുന്ന നാൾ മീറ്റുവിനിഷ്ടമുള്ളതൊക്കെയായ് വരാമെന്നു പറഞ്ഞു ഞാൻ ഇറങ്ങുമ്പോൾ അവൾ കരയുന്നുണ്ടായിരുന്നു ,,

ഇപ്പോൾ നീ വളർന്നിട്ടുണ്ടാകും കുഞ്ഞേ,

നിന്റെ പക്വതയെത്താത്ത ഉറച്ചുതുടങ്ങിയിട്ടില്ലാത്ത മനസ്സിൽ എവിടെയെങ്കിലും എന്റെ നെഞ്ചിലെ ചൂട് ഉറവ വറ്റാതെ അവശേഷിക്കുന്നുണ്ടാകുമോ?

അന്നെനിക്കറിയില്ലായിരുന്നു ഞാൻ തിരിച്ചു വരുമോ ഒരിക്കലെങ്കിലുമെന്ന് , ഇന്നെനിക്കറിയാം ഞാൻ വരും എപ്പോൾവേണമെങ്കിലും ,
തീർച്ചയായും ഞാൻ വരും നിന്നെക്കാണാനായ് മാത്രം


Tuesday, October 10, 2017

തൊടാതെ തൊട്ടുകിടക്ക് .., പിന്നലാഴിയാത്ത ചുരുൾമുടിപോലെന്റെ നെഞ്ചോട് ചേർന്നു കിടക്ക്.., കിഴക്ക് സൂര്യനുണരുമ്പോൾ മുളപൊട്ടി നീ എത്തിനോക്ക്.., ചുവന്നു തുടുത്ത നിന്റെ പ്രണയത്തിൽ ആണ്ടുകിടക്കുന്ന കാണിക്കൊന്നപ്പൂക്കളിൽ വിഷുവോർമ്മ വിരുന്നെത്തും മുൻപ് പിന്നിലേക്ക്.. , പിന്നെയൊരാമ്പൽപ്പൂവായ് നീ മുൻപോട്ട്..,

തിരയൊഴിക്കാം,  സ്ഥിരം ശീൽക്കാരങ്ങൾ കാതോർക്ക്.., നീണ്ടിടത്തൂർന്ന ഒലിവ് മരങ്ങളുടെ ഇണചേരലുകൾ..,

തൊടാതെ തൊട്ട് നടക്കു,നെഞ്ചോട് ചേർന്നു നടക്ക്‌ ,
ഉരുൾപൊട്ടിയ നിന്റെ തേങ്ങലടക്ക്,,

ചുരുണ്ടുടയാതെ നീണ്ട് നടക്ക്..
തൊടാതെ തൊട്ടു നടക്ക്

മുലക്കണ്ണുമായ് സ്നേഹമിറ്റിച് കാത്തിരിക്കുന്ന ജാതിമരങ്ങളിൽ ചുമന്ന് തൂങ്ങുന്ന സ്നേഹങ്ങളെ തേടിനടക്ക്

തൊടാതെ തൊട്ടു നടക്ക്



തീവ്രതയെ പകർത്തുമ്പോളതു കണ്ണ് നിറയ്ക്കും വിധം ശോകമൂകമാകുമത്രേ..

മഞ്ഞുപൊഴിക്കുന്ന മലനിരകളെക്കുറിച്ചെഴുതാൻ തുടങ്ങിയാൽ അത് പ്രണയത്തിനും വിരഹത്തിനുമപ്പുറം പ്രകൃതിയിലേക്ക് പിച്ചവയ്ക്കുന്നതായ് തോന്നുമെങ്കിലും അവിടെയുമുണ്ടാകും വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരു ജീവന്റെ വിരഹം,,പിന്നെ അതിനു  പിന്നിലെ പ്രണയം..
അതിനു പിന്നിലെ മോഹം,,
അതിനുമൊക്കെ പിന്നിലെ സ്വപ്നം .,

ഒന്നിൽ നിന്നൊന്നിലേക്ക് രൂപമാറ്റം ചെയ്യപ്പെടുമ്പോളും വിരഹവും പ്രണയവും സ്വപ്നവും കെട്ടുപിണഞ്ഞുകിടക്കും,,,

അലിഖാൻ ഗസലുകൾ പോലെ മഴനൂലുകൾ ഉണർത്തി മഞ്ഞിനെപ്പെയ്യിച്ചു...,,,

 






Thursday, August 24, 2017

പൂർണ്ണത



പൂർണ്ണത  സ്ത്രീയിൽ 



അതിനു പിന്നിലുള്ള ഘടകങ്ങൾ  പിന്നാമ്പുറങ്ങൾ തേടിപ്പോയാൽ ആ ഒരൊറ്റ വിശേഷണം സ്വയം പൂർത്തിയാക്കാനാവാത്ത  എല്ലാ സ്ത്രീകളെയും ചൂണ്ടിക്കാട്ടുന്നു.

തനിയെ ഒരു സ്ത്രീ പൂർണയാകുമോ ??
മകൾ ,സഹോദരി ,കാമുകി,ഭാര്യ,'അമ്മ ,അമ്മുമ്മ ,വെപ്പാട്ടി ,വേശ്യ 

മുകളിൽ പറഞ്ഞവയിൽ അമ്മുമ്മ എന്നതു വരെ സമൂഹം അംഗീകരിച്ച സ്ത്രീയെ പൂർത്തിയാക്കുന്ന പട്ടികയിൽ പെടുന്നതാണ് .എന്നാൽ പിന്നീട്  പറഞ്ഞതിൽ രണ്ടു വാക്കുകൾ വെപ്പാട്ടി വേശ്യ ,ഇതിൽ സഭ്യതയോ നമ്മുടെ പാരമ്പര്യമോ നമ്മുടെ സമൂഹമോ മൂടിവയ്ക്കുവാൻ ആഗ്രഹിക്കുന്ന രണ്ടു വാക്കുകളാണ് ..പക്ഷെ അതും ചിലയിടങ്ങളിൽ  ചില പവിത്രമായ നേരിട്ടുള്ള ബന്ധങ്ങളിൽ നിന്ന് വേറിട്ടുള്ളതാണ് .. 

പറഞ്ഞുവരുന്നത്  സ്ത്രീയുടെ പൂര്ണതയെക്കുറിച്ചാണ് അതുകൊണ്ടു തന്നെ ഈ പട്ടികയിൽ ഈ രണ്ടു സ്ഥാനങ്ങൾ കൂടി  ചേർക്കേണ്ടിയിരിക്കുന്നു.

അപ്പോൾ ചോദ്യം ഉണ്ടാകും ,അതൊരു സ്ഥാനമാണോ  എന്ന് .. 
തീർച്ചയായും .

ഒരു സ്ത്രീയുടെ വേഷപ്പകർച്ചകളാകാം അതൊക്കെ സമൂഹം അംഗീകരിച്ച ചില സ്ഥാനങ്ങൾ കഴിഞ്ഞാൽ മാറ്റിനിർത്തപ്പെടുന്ന  ഒന്ന് ഒരുപക്ഷെ എല്ലാവരും നെറ്റി ചുളിക്കുന്ന ആ ഒരു വാക്കിൽ ഒരു സ്ത്രീ പൂർണയാണോ??

അതിനെ ചിന്തിക്കേണ്ടിയിരിക്കുന്നു കാരണം മാറ്റിനിർത്തിക്കൊണ്ടെങ്കിലും ഒരു സ്ഥാനം ആണ് അതും..

പണവും പ്രശസ്തിയും ചുറ്റിനും സ്നേഹവും സംരക്ഷണവും കൊടുക്കാൻ ആളുകളും ഉണ്ടെങ്കിൽ ഒരു സ്ത്രീ പൂർണയാകുമോ .. മകൾ എന്ന പരിവേഷത്തിൽ മാത്രം.. ഒരു സ്ത്രീ പൂർണയാകുമോ ?

ഒരു നല്ല ഭർത്താവുണ്ടെങ്കിൽ ഒരു സ്ത്രീ പൂർണ്ണയാകുമോ??

പവിത്രതയിൽ നെഞ്ചു ചുരത്തിയാൽ ഒരു സ്ത്രീ പൂർണയാകുമോ??

തീവ്രാനുരാഗത്തിൽ മോഹങ്ങളിൽ വിളിച്ചറിയിക്കാനാവാത്ത സുഖാനുഭൂതികളുടെ പാരമ്യതയിൽ ഒരു സ്ത്രീ പൂർണയാകുമോ??

നിർവൃതികളിലും കുടുംബം എന്ന സുഖമുള്ള ചുറ്റും പൊതിഞ്ഞു നിന്ന് സമൂഹത്തിന്റെ കണ്ണ് മറക്കുന്ന  സദാചാരത്തിലോ  സ്ഥിരമായ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന  ആ ഒരു രീതിയിലോ ഒരു സ്ത്രീ പൂർണയാകുമോ ..??

അധിക്ഷേപിക്കപ്പെട്ടാലും  കല്ലെറിയപ്പെട്ടാലും  എന്തിനോവേണ്ടി ഒരുപക്ഷെ സാഹചര്യത്തിൽ പോലും കേൾക്കാനോ കൂട്ടത്തിൽപ്പെടുത്താനോ സമൂഹം മടിക്കുന്ന പേരുകളിൽ ജീവിച്ചാലും ഒരു സ്ത്രീ പൂർണയാകുമോ??

പല തട്ടുകളിലായി ഇതിനെ വേർതിരിച്ചു  നിർത്തിയാലും ഉണ്ടാകും,, പല വ്യാഖ്യാനങ്ങൾ ..

സ്ത്രീയിലെ പൂർണ്ണത  അവളിലെ ആത്മസാക്ഷാൽക്കാരം ആണ്..

അവളെ സമൂഹം വിളിക്കുന്ന പേരെന്തായാലും അവൾ  അവളിൽ ജീവിക്കുന്നെങ്കിൽ  അവളിൽ സ്വയം ആഹ്ലാദിക്കുന്നെങ്കിൽ  അവളിൽ അഭിമാനിക്കുന്നെങ്കിൽ അവളിൽ  അവൾ  പൂർണ്ണയാണ് ..

പുരുഷനാൽ  പൂർത്തിയാക്കപ്പെടേണ്ടവൾ എന്നത് വെറും 50  ശതമാനം വസ്തുത മാത്രം.
എങ്കിലും അതിനെ ഉയർത്തിപ്പിടിക്കുന്ന  'അമ്മ അമ്മുമ്മ വെപ്പാട്ടി  എന്ന സ്ഥാനങ്ങൾ.

'അമ്മ എന്നതും അമ്മുമ്മ എന്നതും സമൂഹം സഭ്യതയോടെ  ചാർത്തുന്നത്  വെപ്പാട്ടി  അല്ലെങ്കിൽ ആ ഒരു പേര് സഭ്യമല്ലാതെ  ചാർത്തുന്നത് .

ഇതിൽ ചിന്തിക്കേണ്ടത് ഓരോ വ്യത്യസ്ത സ്ഥാനങ്ങളിൽ എങ്കിലും സ്ത്രീ സഞ്ചരിക്കുന്നു.

സഭ്യ തയിലും അസഭ്യമായതിലും പൂർണത തേടുന്നു ..
ശരിയിലും തെറ്റിലും പൂർണത തേടുന്നു.

വികാരങ്ങളെ അടക്കി പൂർണമല്ലാതെ ജീവിക്കുന്ന സ്ത്രീകളുടെ സമൂഹം..
'അമ്മ എന്ന പരിവേഷത്തിൽ പൂർണമായി എന്ന് വിശ്വസിക്കുന്ന സമൂഹം .
കുടുംബിനി ആയാൽ  പൂർണമായി എന്ന് വിശ്വസിക്കുന്ന സമൂഹം ..
എവിടെയും സമൂഹമാണ് പൂർണത പോലും നിശ്ചയിക്കുന്നത് ..

പൂർണത തേടുകയാണ് ഉള്ളിലുള്ള ആഗ്രഹങ്ങളെ അടച്ചു വച്ച് മോഹങ്ങളെ  തീയിട്ടു കത്തിച്ചു ..

പൂർണത മനസ്സിലാണ്  സ്വയം മൂടുപടമിടാതെ ആത്മാവിൽ ചിത്രം വരച്ചു സമൂഹത്തിന്റെ സമാധാനത്തിനപ്പുറം സ്വയം സന്തോഷിക്കുമ്പോളാണ് ഒരു സ്ത്രീ പൂർണയാകുന്നത് അതൊരുപക്ഷേ ആത്മാവിനെ വ്യത്യസ്തതകളിൽ വ്യത്യസ്തമായി തിരഞ്ഞുകൊണ്ടാകാം 'അമ്മ എന്നതോ മകൾ എന്നതോ വെപ്പാട്ടി എന്നതോ ആയ വ്യത്യസ്തമായ പരിവേഷങ്ങളിൽ ഇരുന്നുകൊണ്ടാകാം ..

സ്ത്രീയിലെ പൂർണത അവളിൽ മാത്രം അധിഷ്ടിതം 












Friday, May 26, 2017

മിന്നാമിന്നി

മരിച്ചു പോയവ൪ മിന്നാമിന്നിയായ് കൂടെ വരുമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്..
ആവാം....
മിന്നാമിന്നികളൊരുപക്ഷേ ആത്മാക്കളാകാം.....
എകാന്തതയിലെനിക്കു കൂട്ടായ് ഇതാ കുഞ്ഞു മിന്നാമിനുങ്ങുകള്ൽ....
ഇവയ്ക്കൊരുപാട് കഥകള്ൽ പറയാനുണ്ട്..
ചിണുങ്ങിക്കരഞ്ഞ ബാല്യത്തിന്റ്റെ....
അമ്പിളിമാമനെക്കാണാനച്ഛനോടൊപ്പം എനിക്കു കൂട്ടിന്നു വന്ന എന്റ്റെ ചങ്ങാതി......
കൈയിൽ വന്നിരുന്നിങ്ങനെ മിന്നി മിന്നിത്തിളങ്ങുമ്പോളാദ്യം കരയുമായിരുന്നു പേടിച്ച്...
പിന്നെയതത്ഭുതമായ്....
പിന്നെ ഇഷ്ടമായ്....
ഇന്നിപ്പോളിതാ എനിക്കു നഷ്ടമായ ഓ൪മ്മകളായ്...
ആത്മാവായ്......
ഈ കുഞഞുമിന്നാമിന്നികള്ൽ....
ശരിയാണ്.... ഒരുപാട് പ്രിയമായിരുന്ന ഒരാള്ൽ ഇടറുന്ന സ്വരത്തിൽ പറഞ്ഞതോ൪മ്മിക്കുന്നു...
മിന്നാമിന്നികൽ ആത്മാക്കളാണ്.... .
നിനക്കു മുന്നിൽ മകളെ സംരക്ഷിക്കാനാവശ്യപ്പെട്ട ഒരു സ്വാത്വികന്റ്റെ ആത്മാവ്.....
ഉവ്വ്...
അതിന്നും എന്നോടൊപ്പം...
എനിക്കു കൂട്ടായ്.....

Wednesday, April 12, 2017





സ്ഥിരമല്ലാത്ത ചില പൂര്ണതകളിൽ കള്ളച്ചിരിയോടെ ഒളിഞ്ഞും പാത്തും കണ്ണ് പൊതിക്കളിക്കാൻ ഇഷ്ടമാണ്...അത് ഓർമകളെ പറത്തി കണ്ണീരിനെ ചേക്കേറാൻ അനുവാദിക്കുമെങ്കിൽ...,
സ്ഥിരം ക്ളീഷേ ഡയലോഗ്... , എഴുതിപ്പകുതിയാക്കിയ പേപ്പർ വലിച്ചു ചുരുട്ടിയെറിയുമ്പോൾ കണ്ണിൽ ആരോടൊക്കെയോ വെറുപ്പ്..,
എണീറ്റ് കണ്ണാടിയിൽ മുഖംന്നോക്കി, ഒത്തുക്കമില്ലാതെ മുടിയിഴകൾ വല്ലാതെ ഉപദ്രവകാരികൾ ആകുന്നുണ്ട്..,കണ്ണിന്റെ വലിപ്പം പിന്നേം കുറിഞ്ഞിട്ടുണ്ട്,
ഒരു സിഗരറ്റ് വലിക്കാൻ തോന്നുന്നു...
എവിടെ കിട്ടാൻ,,
മുടിയിഴകൾ ഒന്നിച്ചു കൂട്ടിപ്പിടിച്ചു മുകളിലേക്ക് കൈകൾ ഉയർത്തി മുനിമാരെപ്പോലെ, മുടിക്കൂട്ടി വച്ച് കണ്ണാടിക്കുമുന്നിൽ ഒന്നുകൂടി ഞെളിഞ്ഞു നിന്നു,,,
ഹോ ... ഇതെന്തൊരു വല്ലാത്ത നിൽപ്പ്... ,
മാദകത്വമോ...
അല്ല ഇതതല്ല...
തിരിഞ്ഞു കണ്ണിന്റെ തുടിപ്പിനെ ഒന്നുകൂടി നോക്കി , കണ്ണുകൾ ഇറുക്കിയടച്ചു ആകാശത്തേക്ക് നോക്കി....മലർന്നു കിടക്കാൻ കഴിഞ്ഞെങ്കിൽ...
അടുത്ത് അക്ഷരങ്ങളെ തികട്ടിവരും നിമിഷം ഒക്കെ പെറുക്കി എടുത്തു കൂട്ടി വക്കാൻ ഒരാളുണ്ടായെങ്കിൽ...,
തികച്ചും മാസ്മരിക ലോകത്തു ഒരുപാട് പറന്നു പറന്ന്...
ഓരോ തിരാമലകളെപ്പോലെ പതഞ്ഞു തള്ളി വന്നു ഒടുവിൽ ഒന്നുമില്ലാതെ ചില അക്ഷരങ്ങൾ..., വടിവും മികവും ഒത്ത ലക്ഷണമൊത്ത ചിലതൊക്കെ....
അതിനൊന്നും ഒരു അടുക്കും ചിട്ടയുമില്ല,
ആരോഹി എന്ന പേരുപോലെ...
ഡയറി അടച്ചു പതിയെ പുറത്തേക്ക് വരാന്തയിലേക്ക്..., പിന്നിൽ സ്കൂൾ ഗ്രൗണ്ടിനപ്പുറം കടവാവലുകൾ ചേക്കേറുന്ന കാട്ടുമരം ഭയം നിറച്ചു ആർത്തു പറക്കുന്ന വാവലുകൾ, ഭയത്തിന്റെ നാമ്പുപോലും വിടർത്തുന്നില്ല എന്നത് തിരിച്ചറിയാൻ ശ്രമിച്ചിട്ടും നടന്നിട്ടില്ലാത്ത ഒരു സത്യമാണ് അത് .

ഒന്നല്ല ഒരു ആയിരം കടവാവലുകൾ ..,വൈകുന്നേരങ്ങളിൽ ഒറ്റയ്ക്കു ജനലരികിൽ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ കണ്ടിട്ടുണ്ട് ഒരുപാട് തവണകളിൽ ..,

ആ രാത്രികളിൽ ഒക്കെയും ഭയന്ന് ഉണർന്നിട്ടുണ്ട് ..

വെറുതെ ഒന്ന് ചിരിച്ചു ..

ടെറസ്സിൽ നിന്ന് നോക്കിയാൽ ഇൻഫോപാർക്കിൻറെ  കാർ  പാർക്കിംഗ് ഏരിയ .വെള്ളക്കുമ്മായം തേച്ച മതിലിനിപ്പുറം ബൊഗൈൻ വില്ലകൾ  അതിര് തീർക്കും സ്കൂൾ ഗ്രൗണ്ട് ..

വെറുതെ പുറത്തേക്ക് നോക്കി നില്ക്കാൻ സുഖമുണ്ട് ..,
പക്ഷെ കാഴ്ചകൾ എന്നും വ്യത്യസ്തമാണ് ..,ഓരോ നാടിനും ..
തൃശ്ശിവപേരൂർ.....

പൂരത്തിന്റെ ആവേശം നെഞ്ചിൽ നിറച്ച നാട് ...
നെറ്റിയിൽ ഭസ്മക്കുറിയിട്ട  നല്ല ചുള്ളൻ ചെക്കന്മാർ ...
എന്തൂട്ടാ ഗഡിയെ ...?

വെറുതെ ഒരു പുഞ്ചിരി ..

സെയില്സിൽ  ജോയിൻ ചെയ്തു ഒരു മാസത്തിനുള്ളിൽ നിർത്തി പോയ രഞ്ജിത് എന്ന ചുള്ളൻ പയ്യനെ ഓർമ്മിച്ചു ...
തനി തൃശ്ശൂർ ക്കാരൻ...

റാമിനോട് ഇതേക്കുറിച്ചു പറഞ്ഞാർത്തു ചിരിച്ചത് ഓർമയുണ്ട് .. 

ഓരോരോ ഓർമകളിൽ ഒരുപാടാരോക്കെയോ 

ഉത്സവം 

അച്ഛന്റെ ചിതയിൽ സ്വർഗം തേടിയ എന്റെ അമ്മഭഗവതിക്ക് ഉത്സവം ..

തിരഞ്ഞുപോയാൽ ഓർമകളേറെ ...

ആരോഹി ... ഈ ഉയർത്തെഴുന്നേൽപ്പിൽ 
പകയുണ്ട് ..

ലോകത്തോട് 

ആത്മാവാണ് 
പകയുണ്ടാകും ...

ചിരിച്ചുകൊണ്ട് സ്വയം കൈകൾ കൂട്ടി മുറുകി പിടിച്ചു അവൾ ... 

സ്വയം വീണുപോകാതിരിക്കാൻ ആവണം ..

ഹേയ് 

അല്ല 
അങ്ങനൊന്നും വീഴില്ല ഇനി .. 

പദം  വന്നിരിക്കുന്നു 
കണ്ടും ,കെട്ടും ,അനുഭവിച്ചും 

റാമിന്റെ മുഖം ഫോൺ സ്‌ക്രീനിൽ മിന്നിമറഞ്ഞു ..
അടിവയറ്റിൽ നിന്നൊരായിരം തീനാളങ്ങൾ ഒന്നിച്ചു മേൽപ്പോട്ടേക്കു വന്നതുപോലെ,
അന്ന് മൂക്കിൽ ഇട്ട ട്യൂബ് വലിച്ചൂരിയപ്പോൾ തോന്നിയ ആത്മാവ് പറിച്ചെടുക്കുന്ന നൊമ്പരം...

ഈ നോവ് ഇത് മാത്രമാണ് എന്നിൽ ജീവൻ നിലനിർത്തുന്നത്.. നോവുമെങ്കിലും ആരോഹിയുടെ മരണം  ആഘോഷിക്കപ്പെടാതിരിക്കാൻ ഒരു പ്രതീക്ഷ...

ഒരു കടവാവൽ  ഭീകരമാം  വിധം നിലവിളിച്ചുകൊണ്ട് കാണാമറയത്തേക്ക് ഊളിയിടുന്നുണ്ട് .....

പടിഞ്ഞാറ് കൊരട്ടി മുത്തിയുടെ പള്ളിയിൽ മണിശബ്ദം ഒരു ആശ്വാസം പോലെ ഒരു കരുതൽ പോലെ..,ചേർത്ത് നിർത്തും പോലെ ....











Friday, April 7, 2017

അച്ഛനോർമ്മ.., മഴയോർമ്മ




ഇത്രമേൽ എല്ലാത്തിനെയും ഓരോ
പൊട്ടും പൊടിയും മറന്നുപോകുമെന്നു ഒരിക്കൽപ്പോലും ഞാൻ ചിന്തിട്ടുണ്ടാവില്ല..
അനുവാദമില്ലാതെ കടന്നു വരുന്ന ഓർമകളെ അറിയാതെസ്നേഹിച്ചു പോകുന്നു .
ഒരിക്കൽ, ഒരിക്കലെങ്കിലും ഓർമയുടെ കല്ലുപെൻസിലുമായി ഇരുണ്ട എൽ പി സ്കൂൾ മുറ്റം താണ്ടി ,ആ കഞ്ഞിയും പയറും മണക്കുന്ന ജി എം എച്ച് എസ്സിന്റെ ഓഡിറ്റോറിയത്തെ മറികടന്നു അമ്പലപ്പുഴ പടിഞ്ഞാറേ ആൽചുവട്ടിനെചുറ്റി , ഇരട്ടപ്പെരുവിളിച്ച കളിക്കൂട്ടുകാരനെ പിന്തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തി ലേഡി ബേഡ് സൈക്കിളിന്റെ അഭ്യാസിയായി തലകുത്തിമറിഞ്ഞ് അച്ഛനെ കാണുമ്പോൾ നല്ലതങ്കക്കുടമായി അടക്കക്കാരിയായി .....,
സലിക്കെന്റെ കടേലെ മധുരപ്പുളി നുണഞ്ഞു ...
മഴ നനഞ്ഞ്ഞു ഉറ്റചങ്ങായിടെ അമ്മയോട് കള്ളം പറഞ്ഞു തല്ലു വാങ്ങിക്കൊടുത്തു തന്റേടിയായ ബാല്യം....
പട്ടിയെ പേടിചു നെൽ നാമ്പുകളിലെ പൊടിമഞ്ഞു തട്ടിച്ചു ജാൻസി ടീച്ചറുടെ അടുത്ത് ഗ്രാമർ പഠിക്കാൻ പോയ വെളുപ്പിനേകൾ... ഉറക്കം പാതി നിർത്തി സമയം തെറ്റി കയറി ചെല്ലുന്ന ഗണിത ക്ലാസ്‌കൾ...
ഇല്ല ...,ചികഞ്ഞെടുത്താൽ മാത്രം പുറത്തുവരും വിധം നിഗൂഢമായ തന്മാത്ര മാത്രമായിത്തീർന്നിരിക്കുന്നു ആ നല്ലകാലത്തിന്റെ ഓർമ്മകൾ...
ഒരിക്കൽ പറഞ്ഞത് തിരുത്തട്ടെ..
അനുവാദമില്ലത്ത നേരത്തു കടന്നുവരുന്ന അനുസരണയില്ലാത്ത വിശദീകരിക്കാനാവാത്ത ഒന്നല്ല ഓർമ്മകൾ, ഒരിക്കൽ മറന്നാൽ അനുവാദത്തോടെ പോലും കടന്നു വരാത്ത പ്രഹേളികയാണ്... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കണ്ണീർപൊഴിക്കുന്ന എന്തോ ഒന്ന്....
അച്ഛനോർമ്മ.., മഴയോർമ്മ..

Monday, February 6, 2017





ആരോഹിയിൽ തുടങ്ങി ആരോഹിയിൽ അവസാനിക്കുന്ന എഴുത്തുകളിൽ ഒരിടത്ത്പോലും യാഥാർഥ്യത്തോട് തതാൽമ്യം പ്രാപിക്കുന്ന ഒന്നിനെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല....

ഒന്നിൽ നിന്ന് ഒന്നിലേക്കുള്ള ഏറ്റകുറച്ചിലുകളിൽ എന്റെ ഏകാന്തതകൾ
കഥ പറയുന്നുണ്ട്.....

തികച്ചും വ്യത്യതസ്തമായ മത്തുപിടിപ്പിക്കുന്ന പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങൾ മാത്രം തേടിയുള്ള യാത്രകൾ.

ഒറ്റയ്ക്ക് ചൂഴ്നിറങ്ങുന്ന ഇരുട്ടിൽ ഓരോ ചിന്തകളും എന്നെ വേട്ടയാടി കീഴ്പ്പെടുത്തുന്നു.,
ആർക്കും മനസിലാകാത്ത വാക്കുകളിൽ ഞാൻ എന്നെ വരയ്ക്കുമ്പോൾ അക്ഷരങ്ങൾ മാത്രമാണ് എനിക്ക് കൂട്ടെന്നു തോന്നിയിട്ടുണ്ട്.

പതിയെ കണ്ണുതുറന്നു പിന്നിലേക്ക് നോക്കുമ്പോൾ എഴുതിപ്പകുതിയാക്കിയ അക്ഷരക്കുഞ്ഞുങ്ങൾ ദാഹത്തോടെ നോക്കുന്നുണ്ട്.

നിർവികാരതയ്ക്കും കഥ പറയാനാകുമെന്നു ഞാനാദ്യമായി  പഠിച്ചു....

വികാരങ്ങൾ, ചിന്തകൾ, നടക്കില്ല ഒരിക്കലും എന്നുറപ്പുള്ള ചിന്തകൾ, വിളികേൾക്കില്ല എന്നുറപ്പുള്ള ദൈവങ്ങൾ...

ഈ ലോകത്തിന്റെ കണ്ണുകൾ വിസ്മയങ്ങൾ മാത്രമാണെന്ന് പഠിപ്പിച്ച വെറും പൊയ്മുഖമാണെന്ന് പഠിപ്പിച്ച നിമിഷങ്ങൾ..

എന്നും എപ്പോളും ഒന്നിൽ മാത്രം ഒതുങ്ങാനുള്ള പെണ്ണിന്റെ വെമ്പൽ അസൂയയും കുശുമ്പും കാത്തിരിപ്പും നിറഞ്ഞ പ്രണയം..,നിലപ്പിനായ മാത്രമുള്ള വിശ്വാസങ്ങൾ.,

തിരിച്ചറിവിൽ നിന്ന് മനസ്സ് കൈവിട്ടുപോകുന്ന ഏതാനും ചില നിമിഷങ്ങളിൽ ഞാൻ മനസ്സിലാക്കാറുണ്ട് പരസ്പരപൂരകമാണ് ജീവിതമെന്നും., കൈനീട്ടിയാൽ ആഗ്രഹങ്ങൾ സഫലീകരിക്കലാണ് സ്വന്തം എന്ന് കരുതി നെഞ്ചോട് ചേർക്കുന്ന എന്തെങ്കിലും
ഒന്ന് സ്വന്തമായി വേണമെന്നും...

ആരോഹിയായി വേഷപ്പകർച്ച നടതുമ്പോളും പൂർണത കണ്ടെത്തുന്ന പെണ്ണിന്റെ നിശ്ചയദാർഢ്യം .

അതുമാത്രമാകാം അവസാനമെന്നറിഞ്ഞിട്ടും അക്ഷരങ്ങളിൽ മാത്രം പൂർണത നൽകിയ കാലത്തിന്റെ മനസ്സുകൊണ്ടല്ലാതെ ബുദ്ധികൊണ്ട് മാത്രം ചിന്തിക്കുന്ന പുതിയ മുഖം,
തിരിച്ചറിവുകൾ എന്നെ പലപ്പോഴും അന്ധയാക്കാറുണ്ട്  .
.
എന്നെ വേദനിപ്പിക്കുന്ന എന്നെ കീറിമുറിച്ചു എന്റെ രക്തം ഊറ്റിക്കുടിക്കുന്ന എന്നെ ഭ്രാന്തിയാക്കുന്ന ഏകാന്തതകൾ ..

അതെന്നെ ഭയപ്പെടുത്തുന്നുണ്ട് വല്ലാതെ .. ,ആൾക്കൂട്ടത്തിനുനടുവിലും ഓരോ നിമിഷവും എന്നെ തനിച്ചക്കുന്ന എന്നിലെ യാഥാർഥ്യം..,
ഉറഞ്ഞുകൂടിയ ചിന്തകളായിരിക്കാം ഒരുപക്ഷെ പിന്നാലെ നടന്നു വേട്ടയാടുന്നത്.
വാക്കുകൾക്ക് മൂർച്ചയുണ്ടെന്ന് ,

നുണകൾക്കു എന്റെ ജീവൻ പിടിച്ചു നിർത്താനുള്ള കഴിവുണ്ടെന്നും ഇടയ്ക്കൊക്കെ തിരിച്ചറിയുന്നുണ്ട് ഞാൻ

പാഴാക്കിക്കളഞ്ഞ ദിനങ്ങളിൽ  തിരികെ കിട്ടാത്ത എനിക്ക് മാത്രം സ്വന്തമായുള്ള മനസമാധാനത്തിന്റെ  താക്കോൽ തിരയട്ടെ.

ജീവൻ തിരിച്ചുനല്കിയ നിന്നിൽ ഉറഞ്ഞുകൂടിയ എന്നിലെ സന്തോഷത്തിന്റെ താക്കോൽ.
കണ്ണുകൾ ഇറുക്കിയടച്ചു ഓർമകളെ ആട്ടിപ്പായിക്കുന്ന ഓരോ  നിമിഷങ്ങളിലും ഉണർവിനെ ഞാൻ ഭയക്കുന്നു.

ഞാൻ എന്ന ചിന്തയെയും സ്വന്തമെന്ന ചിന്തയെയും മുന്നിലുള്ള എനിക്ക് കിട്ടാത്ത എന്തിനെയും ഞാൻ ഭയക്കുന്നു..

ആരോഹി(സൂര്യ)

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...