Sunday, May 24, 2020

പൂക്കാൻ മറക്കാത്ത മുല്ലകൾ



മുല്ലപ്പൂക്കൾ നിറഞ്ഞ ഒരു ബാല്യകാലം ഓർമ്മയിലുണ്ട്. 
എന്റെ വീടിൻറെ മുറ്റത്ത് ,പിന്നെ പിൻവശത്ത് ഒക്കെ നിറയെ കുട മുല്ലകളുണ്ടായിരുന്നു.

ഇത് മുല്ലപ്പൂക്കളുടെ കാലമാണ്!!
 മുല്ല പൂക്കുന്ന കാലം!!

പണ്ടൊക്കെ  ഏപ്രിൽ മേയ് മാസങ്ങളിൽ വൈകുന്നേരമായാൽ വീടുനിറയെ മുല്ലപ്പൂവിൻറെ മണമായിരുന്നു ഒപ്പം തെക്കേ മൂലക്ക് ഇലഞ്ഞിപ്പൂക്കൾ വിടർന്നുനിൽക്കുന്നുണ്ടാകും.,
 അതിന്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം ഓർക്കുമ്പോൾ പോലും മൂക്കിലേക്ക് ഇരച്ചു കയറുന്നുണ്ട് വലിയ പാത്രത്തിൽ അടുക്ക് കണക്കിന് മുല്ലപ്പൂക്കൾ ഞാനും അമ്മയും ചേച്ചിയും കൂടി പറിച്ചു സൂക്ഷിക്കുമായിരുന്നു .

ഇന്ന് ഞാൻ ആ വീട്ടിലേക്ക് പോയി.
 മഴ പെയ്തു തോർന്നപ്പോൾ,ആ വീടിൻറെ ഓർമ്മ എനിക്ക് വന്നു.
ആ മണവും..., അമ്മയും അച്ഛനും അപ്പച്ചി യും ചേച്ചിയും അമ്മൂമ്മയും എല്ലാവരും ഉള്ള ആ വൈകുന്നേരങ്ങളും., ഓർമ്മയിലേക്ക് ഓടിവന്നു . 
വണ്ടിയെടുത്ത് വീട്ടിലേക്ക്  ചെല്ലുമ്പോൾ ഞാൻ "നോക്കി" ഒരു മുല്ല തൈ എങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന്.

" ഉണ്ടായിരുന്നു...!!",
മുല്ലച്ചെടി മാത്രമല്ല;ഉതിർന്നു വീണ ഒരു "കുടമുല്ല പൂവും ..!!"
എന്നെ വേദനിപ്പിക്കാതിരിക്കാൻ എന്നവണ്ണം അത് വാടിയിട്ടുണ്ടായിരുന്നില്ല.
 ഞാനവിടെ നിന്നു..!!
 എത്രസമയം എന്നെനിക്കറിയില്ല..!!
 ഒരുപാടധികനേരം..!!!
 ഓർമ്മകൾ ഒന്നായി അയവിറക്കി ഞാൻ തിരിച്ചു നടക്കുമ്പോൾ അവിടെ ആ മുല്ലയിൽ വിടരാൻ തുടങ്ങുന്ന ഒരു  മുല്ലമൊട്ടു കൂടി ബാക്കിയുണ്ടായിരുന്നു.
ഞാനിനി അങ്ങോട്ടു പോകില്ല,അത് താനേ വിരിഞ്ഞു കൊഴിഞ്ഞു പോകും..
അത് തലയിൽ ചൂടാൻ ഞാനോ ചേച്ചിയോ അമ്മയോ ഇല്ല അവിടെ..
എന്നിട്ടും ഞാൻ സംശയിച്ചു.

ഞങ്ങളുടെ ശബ്ദങ്ങളില്ലാതെ നീയെങ്ങനെ പൂത്തു മുല്ലേ??

ഒരുപക്ഷേ അറിയാമായിരുന്നിരിക്കേണം ഞാൻ ഓർമിച്ചോടി വരുമെന്ന്...

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...